സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി
ന്യൂഡൽഹി: ഈ വർഷത്തെ സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പരീക്ഷ നടക്കില്ലെങ്കിലും പന്ത്രണ്ടാം ക്ലാസ് ഫലങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾക്കനുസൃതമായി സമയബന്ധിതമായി പ്രസിദ്ധീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ പ്രകാശ് ജാവഡേക്കർ, രാജ്നാഥ് സിങ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വിദ്യാർഥികളുടെ താൽപര്യാർഥമാണ് പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ. പരീക്ഷകളിൽ തീരുമാനം എടുത്തതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നമ്മുടെ വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷയും വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നും ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സമ്മർദ്ദ സാഹചര്യത്തിൽ പരീക്ഷയ്ക്ക് ഹാജരാകാൻ വിദ്യാർഥികളെ നിർബന്ധിക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.