സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു.

ലഖ്നൗ: സെപ്റ്റിക് ടാങ്കിൽ വീണ് പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദിൽ ചൊവ്വാഴ്ചയാണ് സംഭവം.

പത്തു വയസുകാരനായ അനുരാഗാണ് കളിക്കുന്നതിനിടെ ആദ്യം സെപ്റ്റിൽ ടാങ്കിൽ വീണത്. അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റുള്ളവർ അപകടത്തിൽ പെട്ടതെന്ന് പോലീസ് അറിയിച്ചു.

സോനു(25), രാം ഖിലാഡി, ഹരിമോഹൻ(16), അവിനാശ്(12) എന്നിവരാണ് മരിച്ച മറ്റുള്ളവർ. അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇവരും മുങ്ങിപ്പോവുകയായിരുന്നു.

ഹരിമോഹനും അവിനാശും അനുരാഗും സഹോദരങ്ങളാണ്. അപകടത്തിൽ പെട്ടവരെ ഗ്രാമീണർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.