സൈനിക ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം ഉയർത്താൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു

ന്യൂഡൽഹി: സൈനിക ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം ഉയർത്താനും നേരത്തേ വിരമിക്കുന്നവരുടെ പെൻഷൻ പകുതിയായി കുറയ്ക്കാനും കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നേതൃത്വത്തിലുള്ള മിലിറ്ററികാര്യ വകുപ്പാണ് ഇതുസംബന്ധിച്ച് സർക്കാരിന് നിർദേശം നൽകിയത്.

ചെറുപ്പത്തിൽത്തന്നെ പലരും മുഴുവൻ പെൻഷനുമായി വിരമിക്കുന്നതുകാരണം വൻബാധ്യത ഉണ്ടാകുന്നതിനാൽ നാല് സ്ലാബുകളിലായാണ് പെൻഷൻ പരിഷ്കരണം

കേണൽ- 57 (നേരത്തേ 54), ബിഗ്രേഡിയർ-58 (56), മേജർ ജനറൽ-59 (58) എന്നിവരുടെ വിരമിക്കൽ പ്രായം ഈ രീതിയിൽ ഉയർത്താനുള്ളതാണ് പ്രധാന നിർദേശം.

ലോജിസ്റ്റിക്സ്, ടെക്നിക്കൽ, മെഡിക്കൽ ബ്രാഞ്ചിൽപ്പെട്ട ജൂനിയർ കമ്മിഷൻഡ് ഓഫീസർ (ജെ.സി.ഒ.), മറ്റുള്ള റാങ്കുകാർ (ഒ.ആർ.) എന്നിവരുടെ വിരമിക്കൽ പ്രായം 57 ആക്കാനാണ് ശുപാർശ. കരസേനയിലെ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എനിജിനിയർമാർ, ആർമി സർവീസ് കോർ, ആർമി ഓർഡനൻസ് കോർ വിഭാഗക്കാർക്കും ഇതാണ് ബാധകം.

20-25 വർഷ സേവനം: നിലവിൽ അനുവദിക്കുന്നതിന്റെ 50 ശതമാനം പെൻഷൻ. 26-30 വർഷ സേവനം: 60 ശതമാനം പെൻഷൻ. 31-35 വർഷ സേവനം: 75 ശതമാനം പെൻഷൻ. 35 വർഷത്തിനു മുകളിൽ: മുഴുവൻ പെൻഷൻ എന്നിങ്ങനെയാണിത്.