സോഷ്യല്‍മീഡിയയില്‍ വിദ്വേഷ പ്രചരണം; കണ്ണൂർ സിറ്റി പോലീസ് 23 കേസുകൾ രജിസ്റ്റർ ചെയ്തു.
കണ്ണൂർ :ഇക്കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ കഴിഞ്ഞതിനു ശേഷം സാമൂഹികവിദ്വേഷം വളര്‍ത്തുന്ന തരത്തിലും ലഹള ഉണ്ടാകണം എന്ന ഉദ്ദേശത്തോട് കൂടിയും സോഷ്യൽ മീഡിയകളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ വിവിധ പോലീസ് സറ്റേഷനുകളിലായി ഇതുവരെ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂർ ടൗൺ, ധർമ്മടം, മട്ടന്നൂർ,കൂത്തുപറമ്പ്, കതിരൂർ, കൊളവല്ലൂർ എന്നി പോലീസ് സ്റ്റേഷനുകളിലായി രണ്ട് വീതം കേസുകളും കണ്ണപുരം, പാനൂർ, ചക്കരക്കൽ, കണ്ണവം, കണ്ണൂർ സിറ്റി, ചൊക്ലി, വളപട്ടണം, ന്യൂ മാഹി, പിണറായി, മയ്യിൽ, എടക്കാട് എന്നി സ്റ്റേഷനുകളിലായി ഓരോ കേസുകളും രജിസ്റ്റർ ചെയ്തു.പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കാണിത്.
സാമൂഹികവിദ്വേഷവും ലഹള ഉണ്ടാകണം എന്ന ഉദ്ദേശത്തോട് കൂടി സോഷ്യൽ മീഡിയകളിൽ സന്ദേശങ്ങള്‍ തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരം സന്ദേശങ്ങള്‍ നിരീക്ഷിക്കാനും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും പോലീസ് പ്രത്യേകസംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.