സോഷ്യല്‍ മീഡിയാ ഉപയോഗം 15 മിനിറ്റ് കുറയ്ക്കാമോ? മാനസികാരോഗ്യം മെച്ചപ്പെടുത്താമെന്ന് പഠനം
സോഷ്യല്‍ മീഡിയ ആളുകളില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് വിദഗ്ധര്‍. സോഷ്യല്‍ മീഡിയ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും പ്രതികൂലമായി ബാധിക്കാറുണ്ടെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ടിക് ടോക്ക്, ട്വിറ്റര്‍, സ്നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം എന്നിവ ഉപേക്ഷിക്കാന്‍ ആരും തയ്യാറല്ല. കാരണം നമ്മുടെ ദൈനദിന ജീവിതവുമായി സോഷ്യല്‍ മീഡിയ അത്രയേറെ ഇഴചേര്‍ന്നിരിക്കുന്നു.
എന്നാല്‍ സോഷ്യല്‍ മീഡിയ ഒഴിവാക്കുന്നതിന്റെ ഗുണങ്ങള്‍ അനുഭവിയ്ക്കാന്‍ പൂര്‍ണ്ണമായി അത് ഒഴിവാക്കേണ്ടതില്ല എന്നാണ് പുതിയ ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഒരു ദിവസം 15 മിനിറ്റെങ്കിലും സോഷ്യല്‍ മീഡിയാ ഉപയോഗം കുറയ്ക്കാനായാല്‍ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുമെന്നാണ് പുതിയ ചില ഗവേഷണങ്ങള്‍ പറയുന്നത്.
-അമിതമായ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം: പുരുഷന്മാരുടെ പ്രത്യുല്‍പാദനശേഷിയെ ബാധിക്കുമെന്ന് പഠനം
ജേര്‍ണല്‍ ഓഫ് ടെക്‌നോളജി ഇന്‍ ബിഹേവിയറല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പങ്കെടുത്തവരോട് (20 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍) അവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം മൂന്ന് മാസത്തേക്ക് പ്രതിദിനം 15 മിനിറ്റ് കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കാന്‍ ആവശ്യപ്പെടാത്ത അല്ലെങ്കില്‍ ദിവസത്തിലെ ആ 15 മിനിറ്റ് മറ്റെന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടാത്ത ഗ്രൂപ്പുകളുമായി ഇതിന്റെ ഫലങ്ങള്‍ താരതമ്യം ചെയ്തു.
ഉപയോഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ട സംഘത്തിന് ജലദോഷവും വിഷാദവും കുറയുകയും. നല്ല ഉറക്കം ലഭിക്കുകയും ചെയ്തു. രോഗപ്രതിരോധ ശേഷിയില്‍ 15% വര്‍ദ്ധനവും ഉറക്കത്തിന്റെ ഗുണനിലവാരത്തില്‍ 50% പുരോഗതിയും വിഷാദ രോഗലക്ഷണങ്ങളില്‍ 30% കുറവും ഉണ്ടായതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ ഉപയോഗം 15 മിനിട്ട് കുറയ്ക്കാത്ത മറ്റ് ഗ്രൂപ്പുകളില്‍ ഈ മാറ്റം പ്രകടിപ്പിച്ചില്ല.
സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ടവര്‍ യഥാര്‍ത്ഥത്തില്‍ അഭ്യര്‍ത്ഥിച്ച 15 മിനിറ്റിന് പകരം 40 മിനിറ്റോളം വെട്ടിക്കുറച്ചിരുന്നു. മാറ്റങ്ങളൊന്നും വരുത്തരുതെന്ന് ആവശ്യപ്പെട്ട ഗ്രൂപ്പാകട്ടെ യഥാര്‍ത്ഥത്തില്‍ സോഷ്യല്‍ മീഡിയ കൂടുതല്‍ ഉപയോഗിക്കുകയാണ് ചെയ്തത്. അവര്‍ ഏകദേശം 10 മിനിറ്റ് ഉപയോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
‘ആളുകള്‍ അവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കുമ്ബോള്‍, അവരുടെ ജീവിതം പല തരത്തില്‍ മെച്ചപ്പെടും, അവരുടെ ശാരീരിക ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും അതിന്റെ ഗുണങ്ങള്‍ കിട്ടുക തന്നെ ചെയ്യും’, ഗവേഷണം നടത്തിയ സ്വാന്‍സി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് സൈക്കോളജിയില്‍ നിന്നുള്ള പ്രൊഫസര്‍ ഫില്‍ റീഡ് പറഞ്ഞു.
സോഷ്യല്‍ മീഡിയയുടെ ഉപയോഗം മൂലം കൗമാരക്കാരുടെ ജീവിതത്തിലെ സംതൃപ്തി കുറയുന്നതായി മുമ്ബ് ചില പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. കൗമാരപ്രായത്തില്‍ പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നതായാണ് കേംബ്രിഡ്ജ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലെ കണ്ടത്തല്‍.നേച്ചര്‍ കമ്യൂണിക്കേഷന്‍സ് എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.