സോഷ്യല്‍ മീഡിയ താരം ബലാത്സംഗക്കേസില്‍ അറസ്റ്റില്‍.
ഇൻസ്റ്റാഗ്രാം, ടിക്‌ടോക് വിഡിയോകളിലൂടെ വൈറലായ സോഷ്യല്‍ മീഡിയ താരം ബലാത്സംഗക്കേസില്‍ അറസ്റ്റില്‍. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി വിനീതാണ് പിടിയിലായത്. കോളജ് വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകള്‍ ഇയാളുടെ വലയില്‍ വീണിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ സംശയം.
കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനിയെ നഗരത്തിലെ ലോഡ്ജിലെത്തിച്ച് ഇയാള്‍ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് വിനീത് പീഡിപ്പിച്ചത്. പുതിയ കാര്‍ വാങ്ങാന്‍ ഒപ്പം വരണമെന്ന് പറഞ്ഞാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയെ നഗരത്തിലെത്തിച്ചത്.തിരുവനന്തപുരത്തെത്തിയപ്പോള്‍ ഫ്രഷ് ആവാമെന്നു പറഞ്ഞ് ലോഡ്ജില്‍ മുറിയെടുത്ത ശേഷമായിരുന്നു പീഡനം. പെണ്‍കുട്ടി സുഹൃത്തുക്കളോട് വിവരം പറഞ്ഞതോടെയാണ് പൊലീസില്‍ പരാതിയെത്തിയത്. കൂടുതല്‍ സ്ത്രീകള്‍ ഇയാളുടെ വലയില്‍ വീണതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വൈറല്‍ വിഡിയോ ചെയ്യാന്‍ ആശയം നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ യുവതികളുമായി സൗഹൃദത്തിലാകുന്നത്. ഫോണില്‍ സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോകളും കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് ഇയാള്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്