സ്കൂളുകൾ, നഴ്സറികൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജിഎസ്ടി ഒഴിവാക്കി.

ന്യൂഡൽഹി: സ്കൂളുകൾ, നഴ്സറികൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജിഎസ്ടി ഒഴിവാക്കി. കേന്ദ്ര സംസ്ഥാന ബോർഡുകൾ നടത്തുന്ന പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും ജിഎസ്ടി നൽകേണ്ടതില്ല. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വേണ്ടി ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സർക്കാരുകൾ എടുക്കുന്ന വായ്പകൾക്കും ജി എസ്ടി ഉണ്ടാകില്ല.

ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഇളവുകൾ സംബന്ധിച്ച തീരുമാനം ഉണ്ടായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർക്കാരോ, കോർപറേറ്റുകളോ ഫണ്ട് ചെയ്യുന്ന ഉച്ചക്കഞ്ഞി വിതരണം ഉൾപ്പടെയുള്ള ഭക്ഷണ വിതരണ പദ്ധതികൾക്കാണ് ജിഎസ്ടി ഒഴിവാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർവചനത്തിൽ സ്കൂളുകൾക്കും, നേഴ്സറികൾക്കും പുറമെ അങ്കണവാടികളും ഉണ്ടായിരിക്കും എന്നും കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോർഡ് അറിയിച്ചു