സ്വകാര്യഭാഗത്ത് കൂടി ശരീരത്തിലേക്ക് കാറ്റടിച്ച് കയറ്റി;16–കാരന് ദാരുണ മരണം

സ്വകാര്യഭാഗത്ത് കൂടി ശരീരത്തിലേക്ക് കാറ്റടിച്ച് കയറ്റി. ഉത്തർപ്രദേശിൽ 16–കാരന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ ചേര്‍ന്ന് നടത്തിയ ക്രൂരതയില്‍ ആന്തരികാവയവങ്ങള്‍ തകർന്നാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടി മരിച്ചതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തില്‍ ആരോഗ്യനില മോശമായ 16–കാരന്‍ രണ്ടുദിവസം ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്നു. 

ഉത്തര്‍പ്രദേശിലെ പിലിബിത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. 22നും 26നും ഇടയില്‍ പ്രായമുള്ള മൂന്ന് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരതയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കുട്ടിയോട് പകയുള്ളത് കൊണ്ട് ചെയ്തതാണോ അല്ലെങ്കില്‍ ഒരു രസത്തിന്  ഉപദ്രവിച്ചതാണോ എന്ന കാര്യത്തില്‍ പൊലീസ് വ്യക്തത തേടുകയാണ്. അമിത്, സൂരജ്, കംലേഷ് എന്നിവരാണ് സംഭവത്തിന് ഉത്തരവാദികളെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.

കുട്ടിയുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കുട്ടി അരിമില്ലിലാണ് ജോലി ചെയ്തിരുന്നത്. മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. കുട്ടിയെ പിടികൂടിയ പ്രതികള്‍ മലദ്വാരത്തിലൂടെ എയര്‍ കംപ്രസര്‍ ഉപയോഗിച്ച് ശരീരത്തിലേക്ക് കാറ്റടിച്ച് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

സംഭവത്തിന് പിന്നാലെ അവശനായ കുട്ടിയെ പിലിബിത്തിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ബറേലിയിലേക്ക് റഫര്‍ ചെയ്തു. ഇവിടെ വച്ചാണ് കുട്ടി മരിച്ചത്.