സ്‌കൂള്‍ ജീവനക്കാര്‍ക്കും വീട്ടുകാര്‍ക്കും വാക്സിനേഷന്‍; നാളെ വിവരങ്ങള്‍ നല്‍കണം

ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെയും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, അവരുടെ 18 വയസ്സ് തികഞ്ഞ വീട്ടുകാര്‍ എന്നിവരുടെ കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ന് (ആഗസ്ത് 31) വൈകിട്ട് നാലു മണിക്ക് മുമ്പായി ലഭ്യമാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ജില്ലാ ദുരന്തര നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇവര്‍ക്ക് സെപ്തംബര്‍ അഞ്ചിനകം വാക്സിന്‍ ലഭ്യമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
സ്‌കൂള്‍ ജീവനക്കാരും അവരുടെ 18 വയസ്സു തികഞ്ഞ വീട്ടുകാരും ഒന്നും രണ്ടും വാക്സിന്‍ എടുത്തതിന്റെ വിശദാംശങ്ങള്‍, വാക്സിന്‍ എടുക്കാത്തവരുടെ വിവരങ്ങള്‍ എന്നിവയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കേണ്ടത്. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഹൈസ്‌കൂള്‍ വരെയുള്ളവ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ നിന്നുള്ളവ ഹയര്‍ സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്കുമാണ് സമര്‍പ്പിക്കേണ്ടത്.
അണ്‍ എയ്ഡഡ് ഉള്‍പ്പെടെയുള്ള മുഴുവന്‍ സ്വകാര്യ സ്‌കൂളുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ കോര്‍പറേഷന്‍ പരിധിയിലുള്ളവ കോര്‍പറേഷന്‍ സെക്രട്ടറിക്കും മുനിസിപ്പാലിറ്റികളിലേത് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്തുകളിലേത് പഞ്ചായത്ത് ഉപഡയറക്ടര്‍ക്കുമാണ് നല്‍കേണ്ടതെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ആഗസ്ത് 31നു തന്നെ ഈ വിവരങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ലഭ്യമാക്കണം. സ്‌കൂള്‍ ജീവനക്കാര്‍, അവരുടെ വാക്സിന് അര്‍ഹതയുള്ള വീട്ടുകാര്‍ എന്നിവരില്‍ ഇനിയും വാക്സിന്‍ ലഭിച്ചിട്ടില്ലാത്തവര്‍ എത്രയും വേഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ ആരോഗ്യ കേന്ദ്രങ്ങളുമായോ ബന്ധപ്പെടണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.