സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ തുടങ്ങും

സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ തുടങ്ങും. ഇന്നും നാളെയും മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. സെപറ്റ്ംബർ നാലു മുതൽ ഏതു റേഷൻ കടകളിൽ നിന്നും കാർഡ് ഉടമകൾക്ക് കിറ്റുകൾ വാങ്ങാം. ഏഴാം തീയതിക്ക് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല.

ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. ഇന്നു മുതലാണ് കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം ചെയ്യുന്നത്. ആദ്യ ദിവസങ്ങളിൽ മുൻഗണനാവിഭാഗങ്ങൾക്കാണ് കിറ്റ് നൽകുക. ഇന്നും നാളെയും മഞ്ഞ കാർഡുടമകൾക്കും 25, 26, 27 തീയതികളിൽ പിങ്ക് കാർഡുടമകൾക്കും കിറ്റ് വിതരണം ചെയ്യും. 29, 30, 31 തീയതികളിൽ നീല കാർഡുടമകൾക്കും സെപ്റ്റംബർ 1, 2, 3 തീയതികളിൽ വെള്ള കാർഡുടമകൾക്കും ഭക്ഷ്യക്കിറ്റുകൾ വിതരണം നടത്തും. നിശ്ചയിക്കപ്പെട്ട തീയതികളിൽ വാങ്ങാൻ കഴിയാത്ത എല്ലാ കാർഡുടകൾക്കും സെപ്റ്റംബർ 4, 5, 6, 7 തീയതികളിൽ വാങ്ങാം. ഈ ദിവസങ്ങളിൽ ഏതു റേഷൻ കടയിൽ നിന്നും കിറ്റുകൾ വാങ്ങാം. സെപ്റ്റംബർ 4 ഞായറാഴ്ച റേഷൻ കടകൾക്ക് പ്രവർത്തി ദിവസമായിരിക്കും.

സെപ്റ്റംബർ 7-ാം തീയതിക്കു ശേഷം സൗജന്യ ഭക്ഷിക്കിറ്റുകളുടെ വിതരണം ഉണ്ടായിരിക്കില്ല.