സൗരോര്‍ജ നഗരമാകാൻ തിരുവനന്തപുരം

സൗരോര്‍ജ നഗരമാകാൻ തിരുവനന്തപുരം. സോളാർ വൈദ്യുതി ഉത്പാദനത്തിലൂടെ പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന നഗരമായി മാറാനുള്ള തയ്യാറെടുപ്പിലാണ് തലസ്ഥാനം. സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള വീടുകളിലും സ്ഥാപനങ്ങളിലും സൗരോർജ്ജ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ജർമൻ കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ചു. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാകും. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അനെർട്ട് സിഇഒയും ജർമ്മൻ കൺസൾട്ടൻസി അധികൃതരും ധാരണാപത്രത്തിൽ ഒപ്പുവച്ചു. കേന്ദ്ര വിഹിതം രണ്ടാഴ്ചയ്ക്കകം തീരുമാനിക്കും.

തലസ്ഥാന നഗരിയിലേക്കുള്ള വൈദ്യുതി പൂർണ്ണമായും സൂര്യനിൽ നിന്ന് ഉൽപ്പാദിപ്പിക്കാനാണ് ശ്രമം. രണ്ട് വർ ഷത്തിനുള്ളിൽ 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ സൗരോർജ പ്ലാൻറുകൾ, നഗരത്തിലെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും സൗരോർജ പ്ലാൻറുകൾ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ബസ് ഷെൽട്ടറുകൾ, നഗരത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇലക്ട്രിക് വാഹനങ്ങൾ എന്നിവ നടപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.