ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കരുതെന്ന് കേന്ദ്രമന്ത്രി
ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കരുതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി
ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം ഹോട്ടലുകൾക്ക് ഉണ്ട്. എന്നാൽ ഈ അധികാരം ഹോട്ടലുകൾ ദുരുപയോഗം ചെയ്യരുതെന്നും കേന്ദ്രമന്ത്രി പിയുഷ്‌ഗോയൽ വ്യക്തമാക്കി.
റസ്റ്റോറന്റ് ബില്ലിൽ ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ നേരത്തെയും നിലപാട് വ്യക്തമാക്കിയിരുന്നു. സേവനത്തിന് പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി.
2017 ൽ സർവീസ് ചാർജിനെതിരെ ഉത്തരവ് ഇറക്കിയിട്ടുണ്ട്. മെനു കാർഡിലെ വിലയും നികുതിയുമല്ലാതെ ഉപഭോക്താവിൽ നിന്ന് മറ്റൊരു ചാർജും അവരുടെ സമ്മതമില്ലാതെ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് 2017 ഏപ്രിലിൽ ഇറക്കിയ ഉത്തരവിൽ പറയുന്നു.
ഭക്ഷണശാലകൾ സർവീസ് ചാർജ് ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് കൺസ്യൂമർ കോടതിയെ സമീപിക്കാം. മറ്റ് പേരുകളിലും ഈ പണം ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.