14 ഇനങ്ങളുമായി ഓണക്കിറ്റ് ഇക്കുറിയും
തിരുവനന്തപുരം: സംസ്ഥാനത്തിന്റ വ്യവസായ പുരോഗതിയിൽ ചിലർക്ക് ആശങ്കയെന്ന് മുഖ്യമന്ത്രി. എന്നാൽ സംസ്ഥാനത്ത് വ്യവസായ വളർച്ച ഗണ്യമായ രീതിയിലുണ്ട്. ഉത്തരവാദ വ്യവസായവും ഉത്തരവാദ നിക്ഷേപവുമെന്ന നയം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. വിവിധ നിക്ഷേപ വാഗ്ദാനം സംസ്ഥാനത്ത് ലഭിക്കുന്നുണ്ട്. മീറ്റ് ദി ഇൻവെസ്റ്റർ പരിപാടി വിജയകരമായി സംഘടിപ്പിച്ചതിൽ, 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ടാറ്റ എൽഎക്സിയുമായി 75 കോടിയുടെ നിക്ഷേപ പദ്ധതികൾക്ക് കരാർ ഒപ്പുവെച്ചു. പത്ത് മാസം കൊണ്ട് ഇവർക്കാവശ്യമായി കെട്ടിടം കൈമാറും. കാക്കനാട് 1200 കോടി നിക്ഷേപം വരുന്ന 20000 പേർക്ക് ജോലി ലഭിക്കുന്ന പദ്ധതിക്ക് ഒപ്പുവെച്ചിട്ടുണ്ട്. ദുബൈ എക്സ്പോ വഴിയും കേരളത്തിൽ നിക്ഷേപമെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എംഎസ്എംഇ മേഖലയ്ക്ക് കൈത്താങ്ങായി 1416 കൊടിയുടെ പാക്കേജ് നടപ്പാക്കുന്നുണ്ട്. 50 കോടി വരെ ഉള്ള വ്യവസായങ്ങൾക്ക് അതിവേഗം അനുമതി നൽകുകയാണ് സംസ്ഥാനം. സംരംഭകരുടെ പരാതിയിൽ അതി വേഗം നടപടി എടുക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂടുതൽ നിക്ഷേപം ആകർഷിക്കുക തൊഴിൽ അവസരം നേടുക അതാണ് ലക്ഷ്യം. കിൻഫ്രക്ക് കീഴിലെ അഞ്ച് പാർക്കുകൾക്ക് ദേശീയ അംഗീകാരം കിട്ടി. വായ്പ നൽകുന്നതിൽ കെ എസ് ഐ ഡി സി റെക്കോർഡ് നേട്ടം ഉണ്ടാക്കി.
സംസ്ഥാനത്ത് 2021 – 22 കാലത്തു 1500 കൊടിയുടെ വിദേശ നിക്ഷേപം നേടി. സ്വകാര്യ മേഖലയിലെ വ്യവസായ പാർക്കുകളിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ ഏക്കറിന് 30 ലക്ഷം വീതം നൽകും. ഒരു എസ്റ്റേറ്റിന് പരമാവധി മൂന്ന് കോടി നൽകും. സംസ്ഥാനം ഏഷ്യയിൽ അഫോർഡബിൽ ടാലന്റ് സിസ്റ്റത്തിൽ ഒന്നാമതായി. ലോകത്തെ പ്രധാന സ്റ്റാർട്ടപ്പ് കേന്ദ്രമായി കേരളം മാറണമെന്നാണ് ആഗ്രഹം.
കേരളത്തിൽ എല്ലാം തികഞ്ഞിട്ടില്ല. ഇനിയും കൂടുതൽ കാര്യം ചെയ്യേണ്ടതുണ്ട്. മികച്ച മാതൃകൾക്കായി മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും നോക്കാം. നല്ല കാര്യങ്ങൾ പിന്തുടരുന്നതിന് വിഷമമില്ല. ഇവിടെ സാധ്യമായത് ചെയ്യും. ആ കാര്യത്തിൽ എല്ലാവരുടെയും പിന്തുണ ഉണ്ടാകണം. പിന്തുണ നൽകുന്നതിന് പകരം ചില ഘട്ടങ്ങളിൽ നശീകരണ പ്രവണത കാണിക്കുന്നുണ്ട്. അതിന്റെ ഭാഗമായ നടപടികൾ പൊതുവിലുള്ള മുന്നേറ്റത്തിന് സഹായകരമല്ല.
മറ്റ് സംസ്ഥാനങ്ങളിൽ നിക്ഷേപം വർധിച്ചതിന് അതിന്റേതായ കാരണങ്ങൾ ഉണ്ടാകും. സംസ്ഥാനത്ത് നിക്ഷേപം വർധിപ്പിക്കാനാണ് നാം കാര്യമായി ശ്രദ്ധിക്കേണ്ടത്. എല്ലാ കാര്യത്തിലും ആരോഗ്യകരമായ സമീപനം സ്വീകരിക്കുന്നതാണ് നന്നാവുക. നശീകരണ പ്രവണതയോടെ സമീപിക്കുന്നത് ഗുണം ചെയ്യില്ല.
ഓണക്കിറ്റ് ഇക്കുറിയും
കൊവിഡ് മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യക്കിറ്റ് തുടങ്ങിയത്. ഈ പദ്ധതി ജനത്തിന് നല്ല തോതിൽ പ്രയോജനം ചെയ്തു. കൊവിഡ് കുറഞ്ഞതോടെ കിറ്റ് അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ഓണത്തിന് വീണ്ടും കിറ്റ് നൽകിയിരുന്നു. കേരളം വലിയ സാമ്പത്തിക പ്രയാസം നേരിടുന്നെങ്കിലും ഈ വരുന്ന ഓണത്തിന് ഈ വർഷവും ഓണക്കിറ്റ് നൽകും. ഇത്തവണ 14 ഇനങ്ങളും തുണിസഞ്ചിയടക്കം നൽകാനാണ് ഉദ്ദേശിക്കുന്നത്. 425 കോടി രൂപയുടെ ചിലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്ത് 13 തവണ കിറ്റ് നൽകിയിരുന്നു. ആ വകയിൽ 5500 കോടി രൂപയുടെ ചിലവുണ്ടായി. ജനക്ഷേമത്തിനും സമഗ്ര വികസനത്തിനുമാണ് സർക്കാർ നടപടി സ്വീകരിക്കുന്നത്. അതിന് തടസമാകുന്ന നിലയിൽ ചില കാര്യങ്ങൾ ഉയർന്നു വരുന്നുണ്ട്. സംസ്ഥാനത്തിന്റെ വായ്പാ പരിധിക്ക് മേലെ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം നീക്കം നടത്തുന്നു. കൊവിഡ് പ്രത്യാഘാതത്തിൽ നിന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മുക്തമായിട്ടില്ല. സാമ്പത്തിക ഉത്തേജനത്തിന് രാജ്യം കൂടുതൽ ഇടപെടേണ്ട സമയമാണ്.
കിഫ്ബി വഴി വികസനം നടത്താനുള്ള സർക്കാർ ശ്രമത്തെ പരാജയപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. കിഫ്ബിയുടെ വായ്പ കിഫ്ബിയുടെ വരുമാനത്തിൽ നിന്നാണ് തിരിച്ചടക്കുന്നത്. ഇത് സർക്കാരിന്റെ കടമായി വ്യാഖ്യാനിക്കുന്നത് തെറ്റാണെന്ന് നിയമ വിദഗ്ദ്ധർ വ്യക്തമാക്കിയിട്ടുണ്ട്. കിഫ്ബി കടം കേരളത്തിന്റെ കടമായി വ്യാഖ്യാനിക്കുന്ന കടമായി വിലയിരുത്തുന്നത് തെറ്റാണ്. ഈ കാരണം പറഞ്ഞ് കേരളത്തിന്റെ കമ്പോള വായ്പാ പരിധി വെട്ടിക്കുറക്കാനുള്ള നടപടിയിൽ നിന്ന് കേന്ദ്രം പിന്തിരിയണം.
കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തെ തടയാനുള്ള ശ്രമമാണിത്. വിലവർധനയ്ക്ക് കാരണമാകുന്ന ജിഎസ്ടി നിരക്ക് വർധന പിൻവലിക്കാൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതി വർധനയ്ക്കും സർക്കാർ എതിരാണ്. ഈ ജിഎസ്ടി നിരക്ക് വർധന സംബന്ധിച്ച കമ്മിറ്റികളിൽ കേരളം വിരുദ്ധ നിലപാട് ഉയർത്തിപ്പിടിച്ചിരുന്നു.
പലതരം പ്രയാസങ്ങൾ അതിജീവിച്ചാണ് കേരളം മുന്നോട്ട് പോകുന്നത്. ദേശീയ പാതാ വികസനത്തിൽ വലിയ മാറ്റമുണ്ടാക്കിയത് കഴിഞ്ഞ ആറ് വർഷത്തിനിടയിലാണ്. അതിന് ചില പുതിയ അവകാശികൾ വരുന്നുണ്ട്. കേരളത്തിലെ ദേശീയപാതകളുടെ വികസനം അതോറിറ്റിയുടെ പരിധിയിൽ വന്നത് തന്നെ സംസ്ഥാനം ഇടപെട്ടിട്ടാണ്. തിരുവനന്തപുരം ഔട്ട് ഓഫ് റിങ് റോഡ് പദ്ധതി സംസ്ഥാനത്തിന് അനുവദിച്ചത് ദേശീയ പാതാ വികസനത്തിലെ നിർണായക നേട്ടമാണ്.
‘ദേശീയപാതാ വികസനം വൈകാനും കേരളത്തിന് പണം ചെലവാകാനും കാരണം കോൺഗ്രസും ബിജെപിയും’
ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ കേന്ദ്രം മറ്റ് സംസ്ഥാനങ്ങളിൽ ഭൂമി വില നൽകുന്നു. കേരളത്തിൽ ഭൂമിക്ക് ഉയർന്ന വിലയാണെന്ന് പറഞ്ഞ് കേന്ദ്രം പിന്മാറി. 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കുന്ന നിലയായി. അങ്ങിനെയാണ് സംസ്ഥാന സർക്കാർ ദേശീയ പാതാ വികസനം സാധ്യമാക്കിയത്. 1081 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. 1065 ഹെക്ടർ ഏറ്റെടുത്തു. 2020 ഒക്ടോബർ 13 ന് ദേശീയപാതാ 66 ന്റെ ഭാഗമായി 11571 കോടിയുടെ ആറ് പദ്ധതികൾ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തിരുന്നു. 21940 കോടിയുടെ നഷ്ടപരിഹാര പാക്കേജാണ് കേരളത്തിൽ തയ്യാറാക്കിയത്. 19898 കോടി രൂപ വിതരണം ചെയ്തു.
ദേശീയ പാതാ 66 ലെ 21 റീച്ചിലെ പണികൾ നടക്കണം. 15 ലെ പണികൾ പുരോഗമിക്കുകയാണ്. ആറ് റീച്ചിൽ നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാർ ദേശീയ പാതാ വികസനത്തിൽ അലംഭാവം കാട്ടി. അന്ന് എൽഡിഎഫ് പ്രതിപക്ഷത്തായിരുന്നു. എന്നാൽ എല്ലാ പിന്തുണയും ഇടതുപക്ഷം വാഗ്ദാനം ചെയ്തിട്ടും സർക്കാരിന്റെ സംഭാവന ശൂന്യമായിരുന്നു. 2010 ഏപ്രിൽ 20 ന് നടന്ന യോഗത്തിൽ ദേശീയ പാതയുടെ വീതി 45 ൽ നിന്ന് 30 മീറ്ററായി കുറയ്ക്കാൻ ധാരണയായിരുന്നു. അത് കേന്ദ്രം നിരാകരിച്ചതോടെയാണ് വീണ്ടും സർവകക്ഷി യോഗം ചേർന്നത്. അതിൽ ദേശീയപാതയുടെ വീതി 45 മീറ്ററായി വീണ്ടും നിശ്ചയിച്ചു. അന്ന് യുഡിഎഫ് ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ കേരളത്തിൽ ദേശീയപാതാ വികസനം അവസാനിപ്പിക്കുമെന്ന് എൻ എച്ച് എ ഐ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ഇവിടെ ഒന്നും നടന്നില്ല. അപ്പോഴാണ് ദേശീയപാതാ അതോറിറ്റി ഓഫീസ് അടച്ച് കേരളം വിട്ടത്. അന്നത്തെ സ്ഥിതി എത്ര ദയനീയമായിരുന്നുവെന്ന് ഓർമ്മിപ്പിക്കാനാണ് ഇത് പറയുന്നത്. ആത്മാർത്ഥമായി പരിശ്രമിച്ചില്ല, അലംഭാവം കാട്ടുകയും യുഡിഎഫ് സർക്കാർ ചെയ്തുവെന്ന് അദ്ദേഹം വിമർശിച്ചു.
ചില നിക്ഷിപ്ത താത്പര്യക്കാർക്ക് മുന്നിൽ യുഡിഎഫ് സർക്കാരിന് മുട്ടുവിറച്ചു. ആകെയുള്ള 645 കിലോമീറ്ററിൽ വെറും 27 കിലോമീറ്റർ നീളമുള്ള തിരുവനന്തപുരം ബൈപ്പാസിന് വേണ്ടി ഭൂമി ഏറ്റെടുത്തതാണ് യുഡിഎഫിന്റെ സംഭാവന. 2016 ൽ അധികാരത്തിലെത്തിയപ്പോൾ ദേശീയപാതാ വികസനം സമയബന്ധിതമായി പൂർത്തിയാക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി. സ്ഥലം വിട്ടുനൽകുന്നവർ ദുഖിക്കേണ്ടി വരില്ലെന്നും സർക്കാർ പറഞ്ഞു. നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായി.
അധികാരമേറ്റ് 20ാം ദിവസം യോഗം വിളിച്ച് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടിയെടുത്തു. പിന്നീട് പലപ്പോഴും ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും സഹകരിപ്പിച്ച് ചിട്ടയായി ഇടപെടൽ നടത്തി. എല്ലാ മാസവും സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിക്കാൻ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഭൂമി ഏറ്റെടുക്കൽ മുടക്കാൻ അനേകം തടസം വന്നു. സമരങ്ങൾ തുടങ്ങി. മഴവിൽ മുന്നണികൾക്കൊപ്പം കോൺഗ്രസും ബിജെപിയും രംഗത്തിറങ്ങി. വ്യാജകഥകൾ പ്രചരിപ്പിച്ചു. നന്ദിഗ്രാമിലെ മണ്ണ് പൊതിഞ്ഞെടുത്ത് വന്നത് ഒരു കേന്ദ്രമന്ത്രിയായിരുന്നു. കീഴാറ്റൂർ നന്ദിഗ്രാം ആകുമെന്നായിരുന്നു പ്രഖ്യാപനം.
കേരളത്തിലെ ഭൂമി ഏറ്റെടുക്കൽ നിർത്തിവെക്കാൻ 2018 ൽ അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് ഹൈവേ മന്ത്രിക്ക് കത്തയച്ചു. നിർമ്മാണം വൈകിപ്പിച്ച് പിന്നീട് കേന്ദ്രത്തിന്റെ ഉത്തരവ് വന്നു. 2019 ജൂണിൽ കേരളത്തിലെ ദേശീയപാതാ വികസനത്തെ ഒന്നാം പരിഗണനാ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്താൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുകയായിരുന്നു. അന്നും ചെലവിന്റെ വിഹിതം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം പറഞ്ഞു.
ഭൂമിഏറ്റെടുക്കലിന്റെ 50 ശതമാനം കേരളം ഏറ്റെടുക്കണമെന്ന കേന്ദ്രത്തിന്റെ നിലപാടാണ് പിന്നീട് ചർച്ചയിലൂടെ 25 ശതമാനത്തിലേക്ക് ചുരുക്കിയത്. മറ്റെങ്ങും ഇല്ലാത്ത ഈ സ്ഥിതി കേരളത്തിലുണ്ടായതിന് ഉത്തരവാദി യുഡിഎഫ് സർക്കാരാണ്. പിന്നീട് ഇത് തടസപ്പെടുത്താൻ ശ്രമിച്ച ബിജെപിക്കും ഉത്തരവാദിത്തമുണ്ട്. 5283 കോടി രൂപയാണ് സംസ്ഥാനം ഭൂമി ഏറ്റെടുക്കാൻ ചെലവാക്കിയത്. ഈ തുക കേരളം ചെലവാക്കിയില്ലെങ്കിൽ ദേശീയപാതാ വികസനം അനന്തമായി നീണ്ടുപോയേനെ. ദേശീയ പാതയിൽ 125 കിലോമീറ്റർ ഒരു വർഷത്തിനകം ഗതാഗത യോഗ്യമാക്കും. കഴക്കൂട്ടം ഒരു വർഷത്തിനുള്ളിൽ തുറക്കും. മാഹി, തലശേരി, ഊരാട് പാലം എന്നിവ മാർച്ചിൽ തുറക്കും. സംസ്ഥാനത്തിന്റെ ഗതാഗത പ്രശ്ന പരിഹാരത്തിന് വലിയ മുതൽക്കൂട്ടാകുന്ന നേട്ടങ്ങളാണ് യാഥാർത്ഥ്യമാകുന്നത്. ഇതിനെല്ലാം സഹകരിച്ച ജനങ്ങളുടെ വിജയമാണിത്.