174 കുടുംബങ്ങള്‍ക്ക് ‘ലൈഫില്‍’ വീട്; നാല് ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: ലൈഫ് മിഷന് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നാല് ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും.
കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്, കൊല്ലം ജില്ലയിലെ പുനലൂര്‍, കോട്ടയം ജില്ലയിലെ വിജയപുരം, ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ എന്നിവടങ്ങളിലാണ് ഭവന സമുച്ചയങ്ങള്‍. 174 കുടുംബങ്ങള്‍ക്കാണ് ഇന്ന് മുതല്‍ വീട് സ്വന്തമാകുന്നത്.
രണ്ട് ബെഡ്റൂമും ഒരു ഹാളും അടുക്കളയുമുള്ള അപ്പാര്‍ട്ട്മെന്റുകള്‍ക്കെല്ലാം പൊതുവായ ഇടനാഴിയും കുഴല്‍കിണറും കുടിവെള്ള സംഭരണിയും മാലിന്യ സംസ്കരണ സംവിധാനവും ജനറേറ്ററും സോളാര്‍ ലൈറ്റ് സംവിധാനവുമുണ്ട്. ഈ വര്‍ഷം ഒരു ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് കൂടി വീടുകള്‍ കൈമാറുമെന്നും 25 ഭവന സമുച്ചയങ്ങള്‍ കൂടി നിര്‍മ്മിച്ചു നല്കാന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
പി രാജീവ് പറഞ്ഞത്: ”കേരളത്തിലെ വിവിധ ജില്ലകളിലായി ലൈഫ് മിഷന് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 4 ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം 8 ന് സംസ്ഥാന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് നിര്‍വ്വഹിക്കും. സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് എന്നത് സ്വപ്നം മാത്രമായിരുന്ന, വീടോ ഭൂമിയോ ഇല്ലാതിരുന്ന 174 കുടുംബങ്ങള്‍ക്ക് ഇന്ന് മുതല്‍ വീട് സ്വന്തമാകും. കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്, കൊല്ലം ജില്ലയിലെ പുനലൂര്‍, കോട്ടയം ജില്ലയിലെ വിജയപുരം, ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ എന്നിവടങ്ങളിലാണ് ഈ ഭവന സമുച്ചയങ്ങള്‍.
ഓരോ ഭവന സമുച്ചയം നിര്‍മ്മിക്കുന്നതിനും 6.7 കോടി മുതല്‍ 7.85 കോടി വരെ ചിലവ് വന്നിട്ടുണ്ട്. രണ്ട് ബെഡ്റൂമും ഒരു ഹാളും അടുക്കളയുമുള്ള അപ്പാര്‍ട്ട്മെന്റുകള്‍ക്കെല്ലാം പൊതുവായ ഇടനാഴിയും കുഴല്‍കിണറും കുടിവെള്ള സംഭരണിയും മാലിന്യ സംസ്കരണ സംവിധാനവും ജനറേറ്ററും സോളാര്‍ ലൈറ്റ് സംവിധാനവും ഉറപ്പാക്കിയിട്ടുണ്ട്. ലൈഫ് മിഷനിലൂടെ ഇതിനോടകം 3,39,822 കുടുംബങ്ങള്‍ക്ക് വീടുകള്‍ നല്കാന് സാധിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായിട്ടാണ് കാണുന്നത്. ഈ വര്‍ഷം തന്നെ ഒരു ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് കൂടി വീടുകള്‍ കൈമാറും. 25 ഭവന സമുച്ചയങ്ങള്‍ കൂടി നിര്‍മ്മിച്ചുനല്‍കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.”