അറവുമാലിന്യം പന്നികൾക്ക് തീറ്റയായി നൽകരുത്

കണ്ണൂർ: ആഫ്രിക്കൻ പന്നിപ്പനി തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിന് മാർഗ നിർദേശങ്ങളുമായി ജില്ലാ മൃഗ സംരക്ഷണ വകുപ്പ്. പന്നിയെ മാത്രമോ, പന്നി, പോത്ത്, കോഴി എന്നിവയെ ഒരുമിച്ചോ കശാപ്പ് ചെയ്യുന്നിടങ്ങളിൽ നിന്നുള്ള അറവ് മാലിന്യം പന്നികൾക്ക് തീറ്റയായി നൽകരുതെന്ന് അധികൃതർ നിർദേശിച്ചു.

രോഗം സ്ഥിരീകരിച്ച പന്നികളെയും ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെയും കൊന്ന് ശാസ്ത്രീയമായി സംസ്കരിക്കുക എന്നതാണ് നിലവിലുള്ള പ്രധാന രോഗ നിയന്ത്രണ മാർഗം. തുടർന്ന് അണുനശീകരണം നടത്തിയ ശേഷം മൂന്ന് മാസം ഫാം പൂർണമായും അടച്ചിടണം. ജില്ലാ മൃഗ സംരക്ഷണ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ: എസ് ജെ ലേഖ, ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോർഡിനേറ്റർ ഡോ. കെ എസ് ജയശ്രീ എന്നിവർ അറിയിച്ചു.