കാലാവധി കഴിഞ്ഞ കെ.എസ്.ആർ.ടി.സി. ബസുകൾ പിൻവലിച്ചു:

പയ്യന്നൂർ: കാലാവധികഴിഞ്ഞ കൂടുതൽ ബസുകൾ കെ.എസ്.ആർ.ടി.സി. നിരത്തിൽനിന്ന്‌ പിൻവലിച്ചതോടെ പ്രതിസന്ധിയിലായത് ജില്ലയിലെ ഗ്രാമീണ മേഖലകൾ.

മലയോര പ്രദേശങ്ങളിലേക്ക്‌ സർവീസ് നടത്തിവന്നിരുന്ന ബസുകളിൽ പലതുമാണ് കാലപ്പഴക്കത്തെ തുടർന്ന് നിരത്തുകളിൽനിന്ന്‌ പിൻവലിച്ചത്.

15 വർഷം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ ഏപ്രിൽ ഒന്നുമുതൽ നിരത്തിലിറക്കരുതെന്ന കേന്ദ്ര സർക്കാർ നിർദേശത്തിന്റെ ഭാഗമായാണ് നടപടി.

ജില്ലയിലെ മൂന്ന് ഡിപ്പോകളിൽനിന്നായി കെ.എസ്.ആർ.ടി.സി.യുടെ 23 വാഹനങ്ങളാണ് നിരത്തിൽനിന്ന് പിൻവാങ്ങിയത്. ഇതിൽ പയ്യന്നൂർ, തലശ്ശേരി ഡിപ്പോകളിൽനിന്നുള്ള ഒന്നുവീതം വർക് ഷോപ്പ് വാഹനങ്ങളാണ്.

കണ്ണൂർ ഡിപ്പോയിൽനിന്നുള്ള 10 ബസുകൾ, പയ്യന്നൂരിൽനിന്നുള്ള ഏഴ് ബസുകൾ, തലശ്ശേരിയിൽനിന്നുള്ള നാല് ബസുകൾ എന്നിങ്ങനെയാണ് നിരത്തുവിടുന്നത്.

കോവിഡിനെത്തുടർന്ന് നിർത്തലാക്കിയ ഗ്രാമീണ മേഖലകളിലേയ്ക്കുള്ള സർവീസുകളിൽ പലതും ഇതുവരെ പുനരാരംഭിച്ചിരുന്നില്ല. ഇതിനുപുറമേയാണ് 21 യാത്രാബസുകൾ കൂടി ഇല്ലാതാവുന്നത്.

സാധാരണ 15 വർഷം കഴിഞ്ഞ ട്രാൻസ്പോർട്ട് ബസുകൾ ആക്രിവിലയ്ക്ക് വിൽക്കുകയായിരുന്നു കെ.എസ്.ആർ.ടി.സി ചെയ്തിരുന്നത്. ബസുകളുടെ അപര്യാപ്തതകാരണം ഓർഡിനറി ബസുകളുടെ പെർമിറ്റ് കാലാവധി 15-ൽനിന്ന് 17 വർഷമാക്കിയിരുന്നു.

എന്നാൽ 15 വർഷം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന കേന്ദ്ര നയമാണ് തിരിച്ചടിയായത്. എൻജിൻ കാലാവധി തീരാനായ വാഹനങ്ങൾ കെ.എസ്.ആർ.ടി.സി.യിൽ ഇനിയുമുണ്ട്.

സൂപ്പർ ക്ലാസ് ബസുകൾക്ക് പകരം പുതിയ ബസുകൾ വരുമ്പോൾ പഴയവ ഓർഡിനറിയായി രൂപമാറ്റംവരുത്തുകയാണ് മുൻപ് ചെയ്തിരുന്നത്. എന്നാൽ 2016-ന് ശേഷം കെ.എസ്.ആർ.ടി.സി പുതിയ ബസുകൾ എത്തിച്ചിരുന്നില്ല.

അതുകൊണ്ടുതന്നെ ഓർഡിനറിയ്ക്കായി പുതിയ ബസുകൾ കിട്ടിയിരുന്നില്ല. സൂപ്പർ ക്ലാസുകൾ സ്വിഫ്റ്റിന് കീഴിലേയ്ക്ക് മാറ്റുമെന്നിരിക്കേ പഴയ ബസുകൾ ഓർഡിനറിയ്ക്കായി ലഭിക്കാനും സാധ്യതകുറവാണ്.

നിലവിൽ പിൻവലിച്ച ബസുകൾക്ക് പകരംസംവിധാനമെന്താണെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. പകരം ബസുകൾ എത്തിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ കെ.എസ്.ആർ.ടി.സി അധികൃതർക്ക് കത്ത് നൽകിയെങ്കിലും അത് പരിഗണിച്ചിട്ടില്ല.