Latestദേശീയം

രണ്ട് ട്രെയിൻ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി ഇന്ത്യൻ റെയില്‍വേ

ഗാന്ധിനഗർ: രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ നി‌ർത്തലാക്കാൻ റെയില്‍വേ മന്ത്രാലയം. ഉദയ്പൂരില്‍ നിന്ന് ഓടുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകളുടെ സർവീസ് ഈ ആഴ്ച മുതല്‍ നിർത്തലാക്കാൻ ഇന്ത്യൻ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.

ഉദയ്പൂർ സിറ്റി-ആഗ്ര കാന്റ് റൂട്ടിലെ വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിൻ നമ്ബർ 20981/82) ഫെബ്രുവരി 15, 2026 മുതല്‍ സർവീസ് നടത്തില്ല. ഉദയ്പൂർ സിറ്റി-ജയ്പൂർ റൂട്ടിലെ വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിൻ നമ്ബർ 20979/80) ഫെബ്രുവരി 14, 2026 മുതല്‍ സ‌‍ർവ്വീസ് നടത്തില്ല.

അതേ സമയം, പുതുക്കിയ റൂട്ടില്‍ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസിന് റെയില്‍വേ മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്. ഉദയ്പൂർ സിറ്റിയും അഹമ്മദാബാദിലെ അസർവയും തമ്മിലാണ് പുതിയ സെമി-ഹൈസ്പീഡ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. നോർത്ത് വെസ്റ്റേണ്‍ റെയില്‍വേ (NWR) സോണിന് കീഴിലാണ് പുതിയ വന്ദഭാരത് വരുക. പുതിയ ഉദയ്പൂർ- അസർവ വന്ദേ ഭാരത് എക്‌സ്പ്രസ് ആഴ്ചയില്‍ ആറു ദിവസം (ചൊവ്വാഴ്ച ഒഴികെ) സർവീസ് നടത്തും. ട്രെയിൻ നമ്ബർ 26963 ഉദയ്പൂരില്‍ നിന്ന് രാവിലെ 6:10 ന് പുറപ്പെട്ട് 10:25 ന് അസർവയില്‍ എത്തും. മടക്ക ട്രെയിൻ ആയി ട്രെയിൻ നമ്ബർ 26964 അസർവയില്‍ നിന്ന് വൈകിട്ട് 5:45 ന് പുറപ്പെട്ട് രാത്രി 10:00 ന് ഉദയ്പൂരില്‍ എത്തും. ഈ ട്രെയിൻ സവാർ, ഡുങ്ങർപൂർ, ഹിമ്മത് നഗർ എന്നീ സ്റ്റേഷനുകളില്‍ നിർത്തും.