20 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ 20 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കം.10 സീറ്റുകള്‍ എല്‍ഡിഎഫ് വിജയിച്ചു. ഏഴിടത്ത് യുഡിഎഫും ഒരു സീറ്റ് ബിജെപിയും നേടി. കാസര്‍കോട് മൂന്ന് സീറ്റുകളും എല്‍ഡിഎഫ് നിലനിര്‍ത്തി. ഇടുക്കി വണ്ടന്‍മേട്, കാസര്‍കോട് ബദിയടുക്ക വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.

വണ്ടന്‍മേട് എല്‍ഡിഎഫിന്റെ പക്കല്‍ നിന്നും ബദിയടുക്ക ബിജെപിയുടെ പക്കല്‍ നിന്നുമാണ് യുഡിഎഫ് പിടിച്ചെടുത്തത്. മഞ്ചേരി, ആലുവ, ചവറ, തിരൂരങ്ങാടി വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി. കൊല്ലം ഇളമ്പല്ലൂർ സീറ്റ് ബിജെപി നിലനിര്‍ത്തി. ആലുവ നഗരസഭയിലെ 22-ാം വാര്‍ഡ് പുളിഞ്ചോട് വാര്‍ഡ് യുഡിഎഫ് നേടി. യുഡിഎഫിന്റെ വിദ്യ ബിജു വിജയിച്ചു.

കാസര്‍കോട് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫ്-3, യുഡിഎഫ്- 2 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് ഫലം. മലപ്പുറം ന​ഗരസഭ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. മുന്‍ അധ്യാപകനായ കെ വി ശശികുമാര്‍ പോക്സോ കേസില്‍പ്പെട്ട് രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.