2000 രൂപ നോട്ടുകൾ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള സമയപരിധി നീട്ടി

മുംബൈ : 2000 രൂപ നോട്ടുകൾ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള സമയപരിധി നീട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഒരഴ്ചത്തേക്ക് കൂടിയാണ് ആർബിഐ സമയം നീട്ടി നൽകിയിട്ടുള്ളത്. 2000 രൂപ മാറ്റാനോ നിക്ഷേപിക്കാനോ ആർബിഐ നൽകിയ സമയം അവസാനിക്കുന്നത് ഇന്നായിരുന്നു. ഇത് ഒക്ടോബർ 7 വരെയാണ് നീട്ടിയത്. 2023 മെയ് 19നാണ് 2,000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്നും നിരോധിച്ചത്. കള്ളപ്പണം തുടച്ചു നീക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഒറ്റരാത്രികൊണ്ട് 1,000, 500 രൂപ നോട്ടുകൾ നിയമവിധേയമായി നീക്കം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഞെട്ടിക്കുന്ന തീരുമാനത്തിന് ശേഷമാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. നോട്ട് നിരോധനത്തിന്റെ ഫലമായി വിനിമയത്തിൽ നിന്ന് നീക്കം ചെയ്ത കറൻസിയുടെ മൂല്യം ഉടനടി മാറ്റിസ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. ആ ലക്ഷ്യം കൈവരിച്ചതിനാലും മറ്റ് മൂല്യങ്ങളുടെ മതിയായ നോട്ടുകൾ ഇപ്പോൾ ഉള്ളതിനാലുമാണ് ഈ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ആർബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.