25ാമത് ഐ.എഫ്.എഫ്.കെയുടെ തലശ്ശേരി പതിപ്പിന് ഇന്ന് തിരിതെളിയും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംസ്ഥാനത്തെ നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന 25ാമത് ഐ.എഫ്.എഫ്.കെയുടെ തലശ്ശേരി പതിപ്പിന് ഇന്ന് തിരിതെളിയും.

സാംസ്കാരിക വകുപ്പു മന്ത്രി എ.കെ ബാലന്‍ മേളയുടെ ഉദ്ഘാടനകര്‍മ്മം ഓണ്‍ലൈനായി നിര്‍വഹിക്കും. ലിബര്‍ട്ടി ലിറ്റില്‍ പാരഡൈസില്‍ വൈകുന്നേരം ആറു മണിക്ക് നടക്കുന്ന ചടങ്ങില്‍ ടി പദ്മനാഭൻ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, അഡ്വ.എ.എന്‍. ഷംസീര്‍ എം.എല്‍.എ,തലശ്ശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.എം. ജമുനാറാണി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍, സെക്രട്ടറി സി.അജോയ്, ജനറല്‍ കൗണ്‍സില്‍ അംഗവും സംഘാടകസമിതി ജനറല്‍ കണ്‍വീനറുമായ പ്രദീപ് ചൊക്ളി തുടങ്ങിയവര്‍ പങ്കെടുക്കും.

ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക് സംവിധാനംചെയ്ത ബോസ്നിയന്‍ ചിത്രം ക്വോ വാഡിസ്, ഐഡ? പ്രദര്‍ശിപ്പിക്കും. ബോസ്നിയന്‍ വംശഹത്യയുടെ പിന്നാമ്പുറങ്ങള്‍ ആവിഷ്കരിക്കുന്ന ചിത്രം മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

മേളയുടെ മുഖ്യ ആകര്‍ഷണങ്ങള്‍
46 രാജ്യങ്ങളില്‍നിന്നുള്ള 80 സിനിമകളാണ് 25ാമത് ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മല്‍സരവിഭാഗത്തില്‍ ചുരുളി, ഹാസ്യം എന്നീ രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ ആകെ 14 ചിത്രങ്ങളാണുള്ളത്. സമകാലിക ലോകസിനിമാ വിഭാഗത്തില്‍ 22 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തില്‍ 12 സിനിമകളും ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഏഴു സിനിമകളും പ്രദര്‍ശിപ്പിക്കും.

അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പ്രത്യേക പാക്കേജ് ആയ കലൈഡോസ്കോപ്പ് വിഭാഗത്തില്‍ അഞ്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ലഭിച്ച വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഗൊദാര്‍ദിന്‍െറ ആറു സിനിമകളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാലു മേഖലകളിലായി നടത്തുന്ന മേളയില്‍ എല്ലായിടത്തും ഒരേ സിനിമകള്‍ തന്നെയാണ് പ്രദര്‍ശിപ്പിക്കുന്നത്.

എക്സിബിഷന്‍
25 വര്‍ഷം പൂര്‍ത്തിയാക്കിയ ഐ.എഫ്.എഫ്.കെയുടെ സ്മരണകള്‍ പുതുക്കുന്ന ഫോട്ടോ എക്സിബിഷന്‍ മേള@ 25 മുഖ്യവേദിയായ ലിബര്‍ട്ടി കോംപ്ളക്സില്‍ 24ന് രാവിലെ 11 മണിക്ക് ആരംഭിക്കും.

ഹോമേജ്
ഈയിടെ അന്തരിച്ച ചലച്ചിത്രപ്രതിഭകളായ ഫെര്‍ണാണ്ടോ സൊളാനസ്, കിം കി ഡുക്, ഇര്‍ഫാന്‍ ഖാന്‍, ഋഷി കപൂര്‍, രാമചന്ദ്രബാബു, സൗമിത്ര ചാറ്റര്‍ജി, ഭാനു അതയ്യ, സച്ചി, ഷാനവാസ് നരണിപ്പുഴ, അനില്‍ നെടുമങ്ങാട് എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിച്ചുകൊണ്ടുള്ള ഹോമേജ് വിഭാഗത്തില്‍ ഒമ്പത് സിനിമകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു