ജെെവവെെവിധ്യ സംരക്ഷണത്തിനായുള്ള നിവേദനത്തിൽ ഒപ്പിട്ടത് 32 ലക്ഷം ജനങ്ങൾ
മോൺട്രിയൽ: കാനഡയിലെ മോണ്ട്രിയലിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ആഗോള ജൈവവൈവിധ്യ ഉച്ചകോടിയിൽ (സിഒപി-15) 3.2 ദശലക്ഷം ആളുകൾ 2030 ഓടെ ഭൂമിയുടെ ജൈവവൈവിധ്യത്തിന്‍റെ പകുതിയും സംരക്ഷിക്കുന്നതിനുള്ള നിവേദനത്തിൽ ഒപ്പുവെച്ചു.
ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള കരാറിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ഭൂപ്രദേശങ്ങളും സമുദ്രങ്ങളുമുൾപ്പെടെ നശിച്ച് കൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥകളെ സംരക്ഷിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്ന ഭൂമിയെ സംരക്ഷിക്കുകയാണ് ലക്ഷ്യം. ഡിസംബർ 7 ന് ആരംഭിച്ച ഉച്ചകോടി ഡിസംബർ 19 ന് അവസാനിക്കും.
ഇന്ത്യയുൾപ്പെടെ 196 രാജ്യങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ ഭൂരിഭാഗം രാജ്യങ്ങളും 30 ശതമാനം കര, സമുദ്ര മേഖലകളും സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തു. കാലാവസ്ഥാ വ്യതിയാനം, ആവാസ വ്യവസ്ഥയുടെ നാശം, മലിനീകരണം, പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം, പകർച്ചവ്യാധികൾ എന്നിവ കാരണം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് അപ്രത്യക്ഷമാകുന്ന ജീവികളെ വംശനാശത്തിനതീതരാക്കുന്നതാണ് വെല്ലുവിളിയെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.