38 ലക്ഷം ടൂറിസ്റ്റുകൾ എത്തി; കേരള ടൂറിസത്തിന് 72.48 % വളർച്ച

കോവിഡ് മഹാമാരി ബാധിച്ച സംസ്ഥാന ടൂറിസം മേഖല ഈ വർഷം ആദ്യ പാദത്തിൽ 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിച്ച് പുരോഗതിയുടെ പാതയിലെത്തിയതായി ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ്. കാരവൻ ടൂറിസം ഉൾപ്പെടെയുള്ള നൂതന ഉൽപ്പന്നങ്ങളിലൂടെയും ടൂറിസത്തിൻ സാധ്യതയുള്ള പുതിയ സ്ഥലങ്ങൾ കണ്ടെത്തുന്നതിൻ ഡെസ്റ്റിനേഷൻ ചലഞ്ച് പോലുള്ള പദ്ധതികളിലൂടെയും കേരള ടൂറിസം ഈ വർഷം മികച്ച വളർച്ച കൈവരിക്കുമെന്ന് മന്ത്രി പറഞ്ഞു.

2022ന്റെ ആദ്യ പാദത്തിൽ 22 ലക്ഷം ആഭ്യന്തര ടൂറിസ്റ്റുകൾ എത്തിയ ഇതേ കാലയളവിനെ അപേക്ഷിച്ച് 72.48 ശതമാനം വളർച്ച രേഖപ്പെടുത്തി. 8,11,426 ആഭ്യന്തര ടൂറിസ്റ്റുകളുമായി എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 6,00,933 യാത്രക്കാരുമായി തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. ഇടുക്കി (5,11,947), തൃശ്ശൂർ (3,58,052), വയനാട് (3,10,322) ജില്ലകളാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ. ഇടുക്കി, വയനാട്, കാസർഗോഡ്, പത്തനംതിട്ട, മലപ്പുറം ജില്ലകളിലാണ് ഈ കാലയളവിൽ ഏറ്റവും കൂടുതൽ ആഭ്യന്തര വിനോദ സഞ്ചാരികൾ എത്തിയത്. ആദ്യ മൂന്ന് മാസത്തിനുള്ളിൽ 16 ലക്ഷം വിനോദസഞ്ചാരികളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കേരള ടൂറിസം കോവിഡ്-19 മഹാമാരിയിൽ നിന്ന് കരകയറിയതിന്റെ സൂചനയാണെന്ന് മന്ത്രി പറഞ്ഞു.

2021ന്റെ അവസാന പാദത്തിൽ കേരള ടൂറിസം സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഈ വർഷം രണ്ടാം പാദത്തിൽ സർവകാല റെക്കോർഡ് കാണുമെന്ന് സൂചനയുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ പോലും ആത്മവിശ്വാസം നഷ്ടപ്പെടാതെ ആസൂത്രിത പദ്ധതികളുമായി സഹകരിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ വളർച്ച.