നാലുവര്‍ഷ ബിരുദം: പ്രവേശനം ആഗസ്റ്റ് 31 വരെ നീട്ടി
സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകലിലേക്കുള്ള പ്രവേശനം ആഗസ്റ്റ് 31 വരെ നീട്ടി. കുസാറ്റില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈസ് ചാന്‍സലര്‍മാരുടെയും രജിസ്ട്രാര്‍മാരുടെയും യോഗത്തിലാണ് തീരുമാനം.
വിദ്യാര്‍ഥികള്‍ നീറ്റ്, കീം എന്നിവയുടെയെല്ലാം ഭാഗമായി പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് മാറിപ്പോയാല്‍ കോളജുകളില്‍ സീറ്റുകള്‍ ഒഴിവുവരും. ഇതിനാലാണ് പ്രവേശനതീയതി 31 വരെ നീട്ടിയത്. ആഗസ്റ്റ് 31ന് മുന്‍പ് സര്‍വകലാശാലകള്‍ സ്‌പോട്ട് അഡ്മിഷന്‍ ക്രമീകരിച്ച് ഒഴിവ് വരുന്ന സീറ്റുകളില്‍ പ്രവേശനം നടത്തണം.
കേരള, എംജി, കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകളിലെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ ഇതുവരെ മികച്ച രീതിയില്‍ പ്രവേശനം നടന്നുവെന്നും നാലുവര്‍ഷ യുജി പ്രോഗ്രാം തൃപ്തികരമായി പോകുന്നുവെന്നും യോഗം വിലയിരുത്തി. ഒന്നാം സെമസ്റ്റര്‍ പരീക്ഷാക്രമീകരണങ്ങള്‍ക്കുള്ള അന്തിമ മാര്‍ഗനിര്‍ദേശം ഉടന്‍ ലഭ്യമാക്കും. ഏകീകൃത അക്കാദമിക് കലണ്ടര്‍ പ്രകാരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.