ആറു ദിവസത്തിൽ നൽകിയത് 4769 എസ്‍യുവികൾ, സൂപ്പർഹിറ്റ് വിറ്റാര

ഡെലിവറി ആരംഭിച്ച് ആറ് ദിവസത്തിനുള്ളിൽ മാരുതി ഗ്രാൻഡ് വിറ്റാരയുടെ 4769 യൂണിറ്റുകൾ വിതരണം ചെയ്തു. ഇതിന്‍റെ 18 ശതമാനവും ശക്തമായ ഹൈബ്രിഡ് മോഡലാണെന്ന് മാരുതി അവകാശപ്പെടുന്നു. ഗ്രാൻഡ് വിറ്റാരയ്ക്ക് ഇതുവരെ 60,000 ബുക്കിംഗുകൾ ലഭിച്ചു.

സെപ്റ്റംബർ 26നാണ് മാരുതി പുതിയ എസ്യുവിയുടെ വില പ്രഖ്യാപിച്ചത്. മാരുതി സുസുക്കിയുടെ ചെറിയ എസ്യുവി ഗ്രാൻഡ് വിറ്റാര വിപണിയിൽ അവതരിപ്പിച്ചു. 10.45 ലക്ഷം മുതൽ 19.65 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ ഡൽഹി എക്സ് ഷോറൂം വില.

മാരുതി സുസുക്കിയുടെ പ്രീമിയം ബ്രാൻഡായ നെക്സയിലൂടെ വിൽപ്പനയ്ക്കെത്തുന്ന വാഹനമാണ് വിറ്റാര. സെൽഫ് ചാർജിംഗ് ശേഷിയുള്ള ഇന്‍റലിജന്‍റ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് മാരുതിയുടെ പുതിയ മോഡലിലുള്ളത്. ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്ന 1.5 ലിറ്റർ ഹൈബ്രിഡ് എൻജിനും 21.11 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്ന 1.5 ലിറ്റർ നെക്സ്റ്റ്-ജെൻ കെ-സീരീസ് എഞ്ചിനുമാണ് ഇതിന് കരുത്തേകുന്നത്.