5ജി സ്പെക്ട്രം ലേലത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു
5ജി സ്പെക്ട്രം ലേലത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് 5ജി ലേലത്തിനുള്ള സ്പെക്ട്രം വിലനിർണ്ണയത്തിന് അംഗീകാരം നൽകിയത്.
ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചേക്കും. 5ജി സ്‌പെക്ട്രം ലേലം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ആണ് ലേലം ചെയ്യുക. 20 കൊല്ലത്തേക്കാണ് സ്‌പെക്ട്രംനല്‍കുന്നത്. ജൂലായ് അവസാനത്തോടെ ലേലം നടപടികള്‍ പൂര്‍ത്തിയാകും.
ലേലം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്ത് സേവനം ആരംഭിക്കുമെന്ന് സ്വകാര്യ ടെലികോം കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റിലയന്‍സ് ജിയോയും, ഭാരതി എയര്‍ടെലും, വോഡഫോണ്‍ ഐഡിയയും ആദ്യ ഘട്ട 5ജി വിന്യാസത്തിനായി തയ്യാറെടുത്തിട്ടുണ്ട്. നിലവിലുള്ള 4ജിയേക്കാള്‍ പത്തിരട്ടി വേഗമാണ് 5ജി വാഗ്ദാനം ചെയ്യുക.