67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഡൽഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള സിനിമ ഇത്തവണ 11 പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച സിനിമയ്ക്കുള്ള പുരസ്കരം നേടി.

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ളനോട്ടം സ്വന്തമാക്കി. ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം മാത്തുകുട്ടി സേവിയർ നേടി. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ജല്ലിക്കട്ടിലൂടെ ഗിരീഷ് ഗംഗാധരൻ സ്വന്തമാക്കി. മലയാള ചിത്രം ബിരിയാണി സംവിധാനം ചെയ്ത സാജൻ ബാബു പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി. കോളാമ്പിയിലെ ഗാനരചയ്ക്ക് പ്രഭാവർമ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് നേടി. ഹെലനിലെ മേക്കപ്പിന് രഞ്ജിത്ത് പുരസ്കാരം നേടി. മരയ്ക്കാറിലെ കോസ്റ്റിയൂം ഡിസൈനിങ്ങിനും പുരസ്കാരമുണ്ട്. സ്പെഷ്യൽ ഇഫക്ടിനുള്ള പുരസ്കാരം മരക്കാറിലൂടെ സിദ്ധാർഥ് പ്രിയദർശൻ സ്വന്തമാക്കി.

മികച്ച നടിക്കുള്ള പുരസ്കാരം കങ്കണ റണാവത്തിനാണ്. മണികർണിക, പങ്ക തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടനുള്ള പുരസ്കാരം ധനുഷും മനോജ് ബാജ്പേയിയും സ്വന്തമാക്കി. വെട്രിമാരൻ സംവിധാനം ചെയ്ത അസുരനിലെ അഭിനയത്തിനാണ് ധനുഷിന് പുരസ്കാരം. ഭോൻസ്ലെ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മനോജ് ബാജ്പേയിക്ക് പുരസ്കാരം. മികച്ച സഹനടനുള്ള പുരസ്കാരം സൂപ്പർ ഡിലക്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയ് സേതുപതി സ്വന്തമാക്കി.