കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട്

കൊവിഡ് രോഗികള്‍ക്കും കിടപ്പുരോഗികള്‍ക്കും തപാല്‍ വോട്ട് ചെയ്യാം. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് അംഗീകാരം ലഭിച്ചു

തിരുവനന്തപുരം: കിടപ്പ് രോഗികള്‍ക്കും കോവിഡ് രോഗികള്‍ക്കും തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് രേഖപ്പെടുത്താം. ഇതുള്ള ഓര്‍ഡിന്‍ന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. സര്‍ക്കാര്‍ ജീവനക്കാരുടെ പിടിച്ചെടുത്ത ശമ്പളം പി എഫില്‍ ലയിപ്പാക്കാനും മന്ത്രിസഭ തീരുമാനിച്ചു. അടുത്ത ഏപ്രിലില്‍ പണം പിന്‍വലിക്കാം.

കോവിഡ് രോഗികള്‍ക്ക് തപാല്‍വോട്ടോ പ്രോക്‌സി വോട്ടോ നടപ്പാക്കണമെന്നായിരുന്നു സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ പ്രോക്‌സി വോട്ടിനെതിരെ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് തപാല്‍ വോട്ട് മതിയെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. കൊവിഡ് രോഗികള്‍ക്കും കിടപ്പ് രോഗികള്‍ക്കും തപാല്‍വോട്ട് ചെയ്യാമെന്നാണ് ഓര്‍ഡിനന്‍സ്.

നിശ്ചിതദിവസത്തിനുള്ളില്‍ തപാല്‍ വോട്ടിന് അപേക്ഷിക്കണമെന്നാണ് വ്യവസ്ഥ. അതിന് ശേഷം രോഗം വരുന്നവര്‍ക്ക് എങ്ങനെ വോട്ട് ചെയ്യാനാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂട്ടാനും തീരുമാനിച്ചു. നിലവില്‍ ഏഴ് മുതല്‍ അഞ്ച് വരെയാണ് വോട്ടെടുപ്പ്. അത് ആറു മണി വരെയാക്കി.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പിടിച്ച ശമ്പളം പി എഫില്‍ ലയിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. മാസം ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായാണ് പിടിച്ചത്. ഇപ്പോള്‍ ലയിപ്പിക്കുമെങ്കിലും ഏപ്രിലില്‍ മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല രൂപീകരണത്തിനുള്ള ഓര്‍ഡിന്‍സിനും മന്ത്രിസഭ അംഗീകാരം നല്‍കി. കൊവിഡ് സാഹചര്യം ഗുരുതരമെന്നും സര്‍ക്കാര്‍ വിലയിരുത്തി. മന്ത്രി കെ ടി ജലീലിനെതിരായ വിവാദങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല. വിഷയം ആരും ഉന്നയിച്ചുമില്ല.

Leave a Reply

Your email address will not be published. Required fields are marked *