ഷൂട്ടിംഗിനിടെ നടന്‍ സൂര്യക്ക് പരിക്ക്.

ഷൂട്ടിംഗിനിടെ നടന്‍ സൂര്യക്ക് പരിക്ക്. പുതിയ ചിത്രം ‘കങ്കുവ’യുടെ ഷൂട്ടിംഗിനിടെയാണ് സൂര്യക്ക് പരിക്കേറ്റത്. ചെന്നൈയിലെ സ്റ്റുഡിയോയില്‍ ആയിരുന്നു ഷൂട്ടിംഗ്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ചിത്രീകരണത്തിനിടെ ഒരു റോപ്പ് ക്യാം പൊട്ടി സൂര്യയുടെ തോളിലേക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. നിസാര പരിക്കുകള്‍ മാത്രമേ സംഭവിച്ചിട്ടുള്ളു എന്നാണ് സൂചന. എങ്കിലും സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

സൂര്യയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമായാണ് കങ്കുവ ഒരുങ്ങുന്നത്. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കങ്കുവയുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്. സിരുത്തെ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം 2024 വേനലവധിക്ക് തിയേറ്ററുകളില്‍ എത്തും.