ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്എംബിബിസ് ബിരുദ ദാനം ഡിസംബർ 17ന്


മേപ്പാടി: ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ അസാദ് മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2017ൽ അഡ്മിഷൻ നേടി ഹൗസ് സർജൻസി പൂർത്തിയാക്കിയ 215 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനം ഡിസംബർ 17 ന് രാവിലെ 8.30ന് കോളേജ് ഗ്രൗണ്ടിൽ നടക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡോ ആസാദ് മൂപ്പന്റെ അധ്യക്ഷതയിൽ ബിരുദ ദാനം ബഹു. പാർലമെന്റ് മെമ്പർ ശ്രീ ശശി തരൂർ നിർവഹിക്കും. കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജ് കാർഡിയോ തൊറാസിക് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ ജയകുമാർ, ആരോഗ്യ സർവ്വകലാശാല ഡീൻ – സ്റ്റുഡന്റസ് അഫയർ ഡോ. ഇക്ബാൽ, ജില്ലാ കളക്ടർ ഡോ. രേണുരാജ് ഐ എ എസ്, എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ, മറ്റു ട്രസ്റ്റ് അംഗങ്ങൾ, വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി പുറത്തുപോകുന്ന ബാച്ചുകളുടെ എണ്ണം ഇതോടെ 5 ആകും. വയനാട് ജില്ലയിലെ ആദ്യത്തെ മെഡിക്കൽ കോളേജായ ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രവർത്തനമാരംഭിച്ചത് 2013 ൽ ആയിരുന്നു. പഠന പഠനേതര വിഷയങ്ങളിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സംസ്ഥാന തലത്തിൽ മുൻപന്തിയിലെത്തുവാൻ കോളേജിനു കഴിഞ്ഞതായി അധികൃതർ പറഞ്ഞു. നാഷണൽ മെഡിക്കൽ കൗൺസിലിന്റെയും കേരളാ ആരോഗ്യ സർവ്വകലാ ശാലയുടെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കോളേജ് വടക്കൻ കേരളത്തിലെ ആദ്യത്തെ എൻഎബിഎച് അംഗീകാരം ലഭിച്ച സ്വാശ്രയ മെഡിക്കൽ കോളേജ് ആണ്. ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെ ഏക മെഡിക്കൽ കോളേജായ ഇവിടെ എംബിബിഎസ് കൂടാതെ മെഡിക്കൽ ബിരുദാനന്തര കോർസുകളും, നഴ്സിംഗ് കോളേജ്, ഫാർമസി കോളേജ് എന്നിവയും മറ്റു പാരാ മെഡിക്കൽ കോഴ്സുകളും നടന്നു വരുന്നു. മെഡിക്കൽ വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ക്യാമ്പസിൽ ഉണ്ട്. കൂടാതെ മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചികിത്സാ രംഗത്ത് പുത്തനുണർവുകൾ വരുത്തുവാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കും വിധം റിസർച്ച് ആൻഡ് ഇന്നോവേഷൻ സെന്ററും ഇവിടെ പ്രവർത്തിച്ചുവരുന്നുണ്ട്.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ രണ്ടാമത്തെ ട്രയൽറൺ സെന്ററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

പത്ര സമ്മേളനത്തിൽ ഡീൻ ഡോ ഗോപകുമാരൻ കർത്ത, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ അനീഷ് ബഷീർ എന്നിവരും ബിരുദം സ്വീകരിക്കുന്നവരുടെ പ്രതിനിധികളായി ഡോ. ലബീബ് ബഷീർ, ഡോ അലീഷ കെന്നഡി എന്നിവരും പങ്കെടുത്തു.