സോളാര്‍ പീഡന കേസിൽ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: സോളാര്‍ പീഡന കേസിൽ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് . പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഇല്ലായിരുന്നുവെന്നും പരാതിക്കാരി ക്ലിഫ്ഹൗസില്‍ എത്തിയതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മാത്രമല്ല പരാതിക്കാരിയുടെ പരാതിയില്‍ പറയുന്ന പ്രകാരമുള്ള കാര്യങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും പരാതിയുമായി ബന്ധപ്പെട്ട ടെലിഫോണ്‍ രേഖകള്‍ക്കായി സേവനദാതാക്കളെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ഏഴു വര്‍ഷം കഴിഞ്ഞതിനാല്‍ ടെലിഫോണ്‍ രേഖകള്‍ കിട്ടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച ആഭ്യന്തര-അഡീഷനല്‍ ചീഫ് സെക്രട്ടറിയായ ടി.കെ ജോസിന്റെ മൂന്നു പേജുള്ള റിപ്പോര്‍ട്ടിലാണ് വിശദമായ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ഉമ്മന്‍ചണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെയും അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെയും മറ്റുള്ളവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കൂടാതെ, പരാതിക്കാരിയുടെ ഡ്രൈവര്‍മാരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
2018ലാണ് പരാതിക്കാരിയുടെ മൊഴി അടിസ്ഥാനമാക്കി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. രണ്ടര വര്‍ഷം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. തുടര്‍ന്ന് പരാതിക്കാരി നല്‍കിയ പരാതി പ്രകാരം കഴിഞ്ഞ ജനുവരി 24നാണ് പീഡനക്കേസിന്റെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറിയത്.
സി.ബി.ഐ അന്വേഷണത്തിന്റെ നടപടിക്രമങ്ങള്‍ പ്രകാരം സംസ്ഥാന ആഭ്യന്തര വകുപ്പ് കേസിന്റെ ഇതുവരെയുള്ള സ്ഥിതിവിവര റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിന് നല്‍കേണ്ടതുണ്ട്. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് സി.ബി.ഐ കേസ് ഏറ്റെടുക്കണമോ എന്ന് തീരുമാനിക്കുന്നത്. ഇതുപ്രകാരം സംസ്ഥാന ആഭ്യന്തര സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് പറയുന്നത്.