ശബരിമല നട തുറന്നു; വിഷുക്കണി ദര്‍ശനം 14-ന് പുലര്‍ച്ചെ മൂന്ന് മുതല്‍
വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. തീര്‍ത്ഥാടകര്‍ക്ക് എട്ട് ദിവസം ദര്‍ശനം നടത്താനാകും. ഇന്ന് മുതല്‍ 18 വരെ ദിവസവും പൂജകള്‍ ഉണ്ട്. വിഷുക്കണി ദര്‍ശനം 14-ന് പുലര്‍ച്ചെ മൂന്ന് മുതല്‍ ഏഴ് മണി വരെയാണ്.
13-ന് രാത്രി അത്താഴ പൂജക്ക് ശേഷം ശ്രീകോവിലില്‍ വിഷുക്കണി ഒരുക്കിയാണ് നട അടയ്ക്കുക. 14-ന് പുലര്‍ച്ചെ മൂന്നിന് നട തുറന്ന ശേഷം ശ്രീകോവിലിലെ ദീപങ്ങള്‍ തെളിച്ച് ആദ്യം അയ്യപ്പനെ കണി കാണിക്കും.
പിന്നീടാണ് ഭക്തര്‍ക്ക് കണി കാണാന്‍ അവസരം നല്‍കുക. തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷു കൈനീട്ടം നല്‍കും. 18-ന് രാത്രി പത്തിന് പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര നട അടയ്ക്കും.