144.17 കോടി ജനസംഖ്യഇന്ത്യ ഒന്നാം സ്ഥാനത്ത്;രണ്ടാമത് ചൈന
ന്യൂഡൽഹി: ഇന്ത്യയുടെ ജനസംഖ്യ 144.17 കോടിയെന്ന് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട്. ജനസംഖ്യയിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു.
142.5 കോടിയോടെ ചൈന രണ്ടാം സ്ഥാനത്താണ്. യു എൻ എഫ് പി എ (യുണൈറ്റഡ് നാഷൻസ് ഫണ്ട് ഫോർ പോപ്പുലേഷൻ ആക്ടിവിറ്റീസ്) തയ്യാറാക്കിയ ‘ലോക ജനസംഖ്യയുടെ സ്ഥിതി 2024’ റിപ്പോർട്ടിലാണ് കണക്കുകൾ.
ഇന്ത്യയുടെ ജനസംഖ്യയിൽ 24 ശതമാനം പേർ 14 വയസ്സ് വരെ പ്രായം ഉള്ളവരും 17 ശതമാനം പേർ 10 വയസ്സ് മുതൽ 19 വയസ്സ് വരെ പ്രായം ഉള്ളവരുമാണ്. 77 വർഷം കൊണ്ട് ഇന്ത്യയുടെ ജനസംഖ്യ ഇരട്ടിയായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ 10 വയസ്സ് മുതൽ 24 വയസ്സ് വരെ പ്രായം ഉള്ളവർ 26 ശതമാനമുണ്ട്. 15 മുതൽ 64 വയസ്സ് വരെയുള്ളവർ 68 ശതമാനമാണ്.
7ശതമാനം 65 വയസ്സോ അതിൽ കൂടുതലോ പ്രായം ഉള്ളവരാണ്. പുരുഷൻമാരുടെ ആയുർദൈർഘ്യം 71 വയസ്സും സ്ത്രീകളുടെ ആയുർദൈർഘ്യം 74 വയസ്സുമാണ്.