കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് നരേന്ദ്ര മോദി ചിത്രം നീക്കി
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം. കോവിഷീല്‍ഡ് വാക്സീന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന വിവാദങ്ങള്‍ക്കിടെയാണ് നടപടി.
നേരത്തെ, കോവിഷീല്‍ഡ് രക്തം കട്ടപിടിക്കുന്നതുള്‍പ്പെടെയുള്ള അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകാമെന്ന് വാക്സിന് നിർമിച്ച കമ്പനി ആസ്ട്രസെനെക സമ്മതിച്ചത് വലിയ വാര്‍ത്തയായിരുന്നു. വാക്സിനെടുത്ത ചിലരില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ത്രോംന്പോസിസ് വിത്ത് ത്രോന്പോസൈറ്റോപ്പീനിയ എന്ന അവസ്ഥയുണ്ടാകാമെന്ന് കമ്പനി യുകെയിലെ കോടതില്‍ സമ്മതിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദി അപ്രത്യക്ഷമായത്. മുന്‍പ്, “ഒന്നിച്ചു ചേര്‍ന്ന് ഇന്ത്യ കോവിഡ് 19-നെ തോല്‍പ്പിക്കും’ എന്ന വാക്കുകള്‍ക്കും മോദിയുടെ ചിത്രത്തിനുമൊപ്പമാണ് കോവിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്. ഇപ്പോള്‍ “കോവിഡ് 19നെതിരേ ഇന്ത്യ ഒരുമിച്ച് പോരാടും’ എന്ന വാക്യം മാത്രമാണുള്ളത്.
എന്നാൽ കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്യുന്നത് ഇതാദ്യമല്ല. 2022-ല്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നല്കിയ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദിയുടെ ചിത്രം നീക്കം ചെയ്തിരുന്നു. സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടായിരുന്നിത്.
അതേ സമയം, ആസ്ട്രസെനെക കമ്പനി കോവിഷീല്‍ഡ് ചെറിയ രീതിയില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാമെന്ന് സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്ജിക്കാരന്.