കൊട്ടിയൂരിൽ ഇന്ന് രേവതി ആരാധന. ഭക്തജനപ്രവാഹം

കൊട്ടിയൂർ: ഉത്സവനാളിലെ രണ്ടാമത്തെ ഞായറാഴ്ചയും മൂന്നാമത്തെ ആരാധനയുമായ രേവതി ആരാധനാളും കൂടിയായ ഇന്ന് വലിയതിരക്കാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

ഭക്തജനപ്രവാഹത്താൽ ഇന്നലെ വീർപ്പുമുട്ടിയിരുന്നു കൊട്ടിയൂർ ഉത്സവനഗരി. ഈ വർഷത്തെ ഏറ്റവും വലിയ ഭക്തജനത്തിരക്കിനാണ് ഇന്നലെ ശനിയാഴ്ച കൊട്ടിയൂർ സാക്ഷിയായത്. പുലർച്ചെ 3 മണിയോടെ തുടങ്ങിയ ഭക്തജനപ്രവാഹത്തിന് വൈകുന്നേരം 3 മണിയോടെയാണ് അൽപ്പം ശമനം ഉണ്ടായത്. മണിക്കൂറുകൾ കാത്തുനിന്ന ശേഷമാണ് ഭക്തജനങ്ങൾക്ക് പെരുമാളെ തോഴനായത്. ഭക്തജന പ്രവാഹത്തിൽ തിരുവഞ്ചിറയും നിറഞ്ഞു കവിഞ്ഞു. ചെറുതും വലുതുമായ വാഹനങ്ങൾ കൊണ്ട് പലപ്പോഴും ഗതാഗത തടസ്സമുണ്ടായെങ്കിലും ഇത്തവണ കൂടുതൽ പാർക്കിങ്ങ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ ഏറെ പ്രശ്നങ്ങൾ ഉണ്ടായില്ല.സുപ്രീംകോടതി ജഡ്ജ് ആർ. എൽ. ഭാട്യ, ഹൈക്കോടതി ജഡ്ജിമാരായ ഗോപിനാഥ്, ഈശ്വരൻ എന്നിവർ ഇന്നലെ കൊട്ടിയൂരിൽ ദർശനത്തിനെത്തി. പെരുമാളിന്‌ വെള്ളിക്കുടവും അമ്മാറക്കൽ ദേവി സ്ഥാനത്ത് പട്ടും താലിയും സമർപ്പിച്ച ശേഷമാണ് ഇവർ മടങ്ങിയത്.