ഓൺലൈൻ പണം തട്ടിപ്പ് വീണ്ടും ജാഗ്രത വേണമെന്ന് പോലീസ്
കണ്ണൂർ: സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ചുള്ള ഓൺലൈൻ പണം തട്ടിപ്പ് കേസുകൾ കൂടിക്കൂടി വരുന്നു.
ജാഗ്രത പുലർത്തണമെന്ന് പോലീസ് പറയുമ്പോഴും ദിനംപ്രതി പരാതികൾ വർധിക്കുകയാണ്. ഓൺലൈനിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പുകൾ കൂടുതലും നടക്കുന്നത്.
ടെലഗ്രാമിൽ പാർട്ട് ടൈം ജോലിക്ക് പണം നിക്ഷേപിച്ചയാൾക്ക് 1,72,000 രൂപ നഷ്ടപ്പെട്ടു. വിവിധ ടാസ്കുകൾ ചെയ്യുന്നതിനായി പണം നിക്ഷേപിച്ചയാൾക്ക് പണം തിരികെ നൽകാതെ വഞ്ചിച്ചു.
മറ്റൊരാൾക്ക് ഫേസ്ബുക്കിൽ വീട്ടുപകരണങ്ങൾ വാങ്ങുന്നതിന് പണമിടപാട് നടത്താൻ നൽകിയ ലിങ്കിൽ അക്കൗണ്ട് വിവരങ്ങൾ നൽകിയതിലൂടെ 35,000 രൂപ നഷ്ടമായി.
ക്രെഡിറ്റ് കാർഡിന്റെ ലിമിറ്റ് കൂട്ടിത്തരാമെന്ന് പറഞ്ഞ് കാർഡ് വിവരങ്ങളും ഒ ടി പിയും കൈക്കലാക്കി പണം തട്ടിയതായും പരാതിയുണ്ട്.
ഇൻസ്റ്റഗ്രാം, ടെലഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ് എന്നീ ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ സൈബർ കുറ്റകൃത്യങ്ങളെ പറ്റി ജാഗ്രത പുലർത്തണമെന്ന് സൈബർ പോലീസ് പറയുന്നു.
അജ്ഞാത ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ, ലിങ്കിൽ കയറാൻ ആവശ്യപ്പടുകയോ ചെയ്താൽ അതിൽ ഏർപ്പെടാതിരിക്കുക. വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് പണം നൽകരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.
തട്ടിപ്പിനിരയായാൽ പോലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 എന്ന നമ്പറിൽ വിളിച്ചോ www.cybercrime.gov.in പോർട്ടൽ വഴിയോ പരാതി രജിസ്റ്റർ ചെയ്യാം.