അമീബിക് മസ്തിഷ്ക ജ്വരം; ഇതുവരെ സ്ഥിരീകരിച്ചത് 15 കേസുകൾ, ആറുപേർ ചികിത്സയിൽ: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 15 കേസുകൾ ഇതുവരെ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രണ്ടുപേര്‍ രോഗ വിമുക്തരായി ഡിസ്ചാർജ് ചെയ്തു. ആഗോള തലത്തിൽ 11 പേർ മാത്രമാണ് ഈ രോഗം ബാധിച്ച് രക്ഷപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിൽ ഏഴ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരാൾ ജൂലൈ 23-ന് മരിച്ചു. ആറുപേർ നിലവിൽ ചികിത്സയിലാണ്. രണ്ട് പേർക്ക് രോഗം സംശയിക്കുന്നതായും മന്ത്രി വ്യക്തമാക്കി. മുതിർന്നയാളാണ് തിരുവനന്തപുരത്ത് മരിച്ചത്. എന്തുകൊണ്ട് കേസുകൾ റിപ്പോർട്ട് ചെയ്യുന്നൂവെന്ന് പരിശോധിക്കും. ഇതിന് കൃത്യമായ ഒരു മരുന്നില്ല. ഡോക്ടർമാർ മെൽടിഫോസിൻ എന്ന മരുന്നാണ് ഉപയോഗിക്കുന്നത്. ഇത് അപൂർവ്വമായ മരുന്നാണ്. ചികിത്സയിൽ ഉള്ളവർക്ക് നൽകാൻ ഇപ്പോൾ മരുന്നുണ്ട്.എല്ലാ സാദ്ധ്യതകളും ഉപയോഗിച്ച് മരുന്ന് ലഭ്യമാക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേര്‍ത്തു. മൂക്കിലും, തലയിലും ശസ്ത്രക്രിയ ചെയ്തവർക്ക് പെട്ടെന്ന് രോഗം വരാൻ സാധ്യതയുണ്ട്. വൃത്തിയുള്ള കുളങ്ങളിൽ കുളിക്കാൻ ശ്രദ്ധിക്കണമെന്നും ചെവിയിലും മൂക്കിലും വെള്ളം കയറാതെ സൂക്ഷിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിലവിൽ ചികിത്സയിൽ ഉള്ളവരിൽ അഞ്ചുപേരും കുളത്തിൽ കുളിച്ചു. ആറാമത്തെയാൾക്ക് കുളവുമായി ബന്ധമില്ല. അത് അന്വേഷിക്കുന്നുണ്ട്. അമീബിക് മസ്തിഷ്ക ജ്വരം പകർച്ചവ്യാധിയല്ല. രോഗലക്ഷണമുള്ളവർ ചികിത്സ തേടണമെന്നും വീണാ ജോർജ് പറഞ്ഞു.