ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന്പ്രഖ്യാപിക്കും. ദേശീയ പുരസ്കാരം വൈകീട്ട് മൂന്നുമണിക്ക് ഡൽഹിയിലും സംസ്ഥാന പുരസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്തും പ്രഖ്യാപിക്കും. ഇരു അവാർഡിലും മികച്ച നടനുള്ള അന്തിമ പട്ടികയിൽ മമ്മൂട്ടി ഇടംപിടിച്ചതായാണ് റിപ്പോർട്ടുകൾ.

സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് സംസ്ഥാന പുരസ്കാര നിർണയം നടത്തുന്നത്. ആദ്യ ഘട്ടത്തിലെത്തിയ 160 സിനിമകളിൽ നിന്ന് 70 ശതമാനം സിനിമകളും പുറത്തായി.

അവസാനഘട്ടത്തിലെത്തിയ 40 സിനിമകളിൽ നിന്ന് അര ഡസൻ ചിത്രങ്ങളിൽ നിന്നായിരിക്കും പ്രധാന പുരസ്കാരങ്ങൾ. മികച്ച സിനിമയ്ക്കായി ഉള്ളൊഴുക്ക്, ആടുജീവിതം, കാതൽ ദ കോർ, 2018 എവെരി വൺ ഈസ്‌ എ ഹീറോ, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങളുടെ കടുത്ത മത്സരം. ഈ ചിത്രങ്ങളുടെ സംവിധായകരായ ക്രിസ്റ്റോ ടോമി,. ബ്ലെസ്സി, ജിയോ ബേബി, ജൂഡ് ആന്റണി ജോസഫ്, റോബി വർഗീസ് രാജ് എന്നിവർ മികച്ച സംവിധായകരുടെ അന്തിമ പട്ടികയിലുണ്ട്. 84 നവാഗത സംവിധായകരുടെ ചിത്രങ്ങളാണ് ഈ വർഷം മത്സരിക്കാനായി എത്തിയത്. ഒടിടിയിലോ തീയറ്ററിലോ റിലീസ് ആകാത്ത ചിത്രങ്ങളും ജൂറിക്കു മുന്നിലെത്തി. മികച്ച നടന്റെ അന്തിമപട്ടികയിൽ മമ്മൂട്ടിയും പൃഥ്വിരാജും ഇടംപിടിച്ചതായാണ് സൂചന. ഉള്ളൊഴുക്കിലെ ലീലാമ്മയെയും അഞ്ജുവിനെയും അവതരിപ്പിച്ച ഉർവശിയും പാർവതി തിരുവോത്തും അവസാന ഘട്ടത്തിലും ജൂറിയെ കുഴക്കുന്നു. 2022 ലെ പുരസ്കാരങ്ങളാണ് ദേശീയ അവാർഡിൽ പ്രഖ്യാപിക്കുന്നത്.