കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

നടി കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

‘‘കവിയൂർ പൊന്നമ്മയുടെ കലാജീവിതം തളിരിട്ടതും വളർന്നതും കേരളത്തിന്റെ പുരോഗമന സാംസ്കാരിക മുന്നേറ്റത്തിൽ നിർണായക പങ്കു വഹിച്ച കെപിഎസിയിലാണ്. തന്മയത്വത്തോടെ അവതരിപ്പിച്ച അമ്മവേഷങ്ങൾ മലയാളികളിൽ അവരോടുള്ള ആത്മബന്ധം സുദൃഢമാക്കി. നാലു തവണയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചത്. അവരുടെ അഭിനയ മികവിന് അടിവരയിടുന്ന നേട്ടമാണിത്.

മലയാള സിനിമയുടെയും നാടകലോകത്തിന്റേയും ചരിത്രത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. തന്റെ കഥാപാത്രങ്ങളിലൂടെ അവർ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കും. കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു’’– മുഖ്യമന്ത്രി അനുശോചനമറിയിച്ചു.