കണ്ണൂര്‍ ജനശതാബ്ദിയില്‍ ഞായറാഴ്ച മുതല്‍ എല്‍.എച്ച്‌.ബി. റേക്ക്.

ദീർഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് 29 മുതല്‍ എല്‍.എച്ച്‌.ബി. കോച്ചുകള്‍ അനുവദിച്ചിരിക്കുകയാണ് റെയില്‍വേ.പുതിയ കോച്ചുകളെത്തുന്നതോടെ യാത്രാസൗകര്യം മെച്ചപ്പെടുമെങ്കിലും സീറ്റുകളുടെ എണ്ണം കുറയും. 21 ഐ.സി.എഫ്. കോച്ചുകളുമായാണ് നിലവില്‍ ജനശതാബ്ദിയുടെ സർവീസ്. ഇവ എല്‍.എച്ച്‌.ബി. കോച്ചുകളായി മാറും. 16 ചെയർകാറുകളും മൂന്ന് എ.സി. ചെയർകാറുകളും അടങ്ങിയ നിലവിലെ കോച്ചുകള്‍ അതേപടിയാണ് എല്‍.എച്ച്‌.ബി.യിലക്ക് മാറുന്നത്. എന്നാല്‍, നിലവിലുള്ള രണ്ട് എസ്.എല്‍.ആർ. കോച്ചുകള്‍ക്ക് പകരം ഒരു എസ്.എല്‍.ആർ. കോച്ചും ഒരു ജനറേറ്റർ, ലഗേജ് കം ബ്രേക് വാനുമാണ് എല്‍.എച്ച്‌.ബി. റേക്കില്‍ ഉണ്ടാവുക.നിലവില്‍ 16 ചെയർകാറുകളിലായി 106 സീറ്റുകള്‍ വീതം 1696 പേർക്കും രണ്ട് എസ്.എല്‍.ആർ. കോച്ചുകളിലായി 160 പേർക്കും യാത്രചെയ്യാം. ആകെ 1856 സീറ്റുകള്‍. പുതിയ എല്‍.എച്ച്‌.ബി. റേക്കിലെ 16 ചെയർകാറുകളിലായി 102 വീതം 1632 സീറ്റുകളാണുള്ളത്. ഒരു എസ്.എല്‍.ആർ. കോച്ചില്‍ 31 പേർക്ക് യാത്രചെയ്യാം. ആകെ 1663 സീറ്റുകള്‍. 193 സീറ്റുകളുടെ കുറവ്. അതേസമയം, എ.സി. ചെയർകാറില്‍ നിലവില്‍ മൂന്ന് കോച്ചുകളിലായുള്ള 219 സീറ്റുകള്‍ 234 ആയി ഉയരും. സീറ്റുകളുടെ കുറവിന് പരിഹാരമായി 17 ചെയർകാറുകള്‍ അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.