ഓൺലൈൻ ഇ-കോമേഴ്സ് വെബ്സൈറ്റുകളുടെ 155 വ്യാജന്മാർ, ജാഗ്രത വേണമെന്ന് പൊലീസ്

ഓൺലൈൻ ഇ-കോമേഴ്സ് വെബ്സൈറ്റുകളുടെ പേര് ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസിൻ്റെ മുന്നറിയിപ്പ്.

സൈബർ പൊലീസിന്റെ പരിശോധനയിൽ കണ്ടെത്തിയ ഇത്തരം 155 വ്യാജ സൈറ്റുകൾ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകൾ ഈ ആഴ്ച ഇലക്ട്രോണിക് ഉൽപന്നങ്ങൾ അടക്കമുള്ളവ വൻ വിലക്കുറവിൽ വിൽപന നടത്തുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ അവസരം മുതലെടുത്ത് സാമൂഹ്യ മാധ്യമങ്ങൾ വഴി പരസ്യം നൽകി തട്ടിപ്പുകാർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്.

ഒറ്റനോട്ടത്തിൽ യഥാർത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന ഇവ സന്ദർശിച്ച് ഓർഡർ ചെയ്താൽ പണം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്.

വളരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകളുടെ ആധികാരികതയും നിയമ സാധുതയും പരിശോധിച്ച് മാത്രമേ അവയിലൂടെ ഓർഡർ നൽകാനും പണം കൈമാറ്റം ചെയ്യാനും ശ്രമിക്കാവൂവെന്ന് പൊലീസ് അറിയിച്ചു.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ പെട്ടാൽ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറിൽ പൊലീസിനെ വിവരം അറിയിക്കണം.