കൊങ്കൺ തീവണ്ടികളുടെ സമയം ഇന്ന് മുതൽ മാറും
കണ്ണൂർ: കൊങ്കൺ വഴി ഓടുന്ന കേരളത്തിൽ നിന്നുള്ള തീവണ്ടികളുടേത് ഉൾപ്പെടെ വെള്ളിയാഴ്ച മുതൽ സമയം മാറും.
മൺസൂൺ കാലത്ത് 40-75 കിലോ മീറ്ററായി വേഗം കുറച്ച വണ്ടികൾ ഇനി 110 കിലോ മീറ്ററിൽ ഓടും. മംഗള, നേത്രാവതി, മത്സ്യഗന്ധ അടക്കം 25-ലധികം വണ്ടികൾക്ക് പുതിയ സമയമാണ്.
മുൻകൂട്ടി റിസർവ് ചെയ്തവർ സമയ മാറ്റം ശ്രദ്ധിക്കണം. പോകേണ്ട വണ്ടികൾ വൈകി പുറപ്പെടും. കേരളത്തിലേക്ക് ഉള്ളവ നേരത്തേ എത്തും.
പ്രധാന മാറ്റങ്ങൾ:
എറണാകുളം നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) മൂന്ന് മണിക്കൂറോളം വൈകി പുറപ്പെടും. എറണാകുളത്ത് നിന്ന് ഉച്ചക്ക് 1.25-ന് പുറപ്പെടും. (നിലവിൽ രാവിലെ 10.30-ആണ്). ഷൊർണൂരിൽ വൈകിട്ട് 4.15-നും കണ്ണൂരിൽ 6.39-നും എത്തും.
നിസാമുദ്ദീൻ എറണാകുളം മംഗള (12618) ഒരു മണിക്കൂർ നേരത്തേ എത്തും. നിലവിൽ 11.40-ന് മംഗളൂരുവിൽ എത്തുന്ന വണ്ടി രാത്രി 10.35-ന് മംഗളൂരു വിടും. ഷൊർണൂരിൽ പുലർച്ചെ 4.15-നും എറണാകുളത്ത് 7.30-നും എത്തും.
തിരുവനന്തപുരം ലോക മാന്യ തിലക് നേത്രാവതി എക്സ്പ്രസ് (16346) രാവിലെ 9.15-ന് തന്നെ പുറപ്പെടും. എറണാകുളം ഉച്ചക്ക് 1.50. കോഴിക്കോട്ട് വൈകീട്ട് 6.05. കണ്ണൂർ 7.35 എന്നിങ്ങനെയാണ് സമയക്രമം. ലോക മാന്യതിലക് തിരുവനന്തപുരം നേത്രാവതി (16345) ഒന്നര മണിക്കൂർ നേരത്തേയെത്തും. മംഗളൂരു പുലർച്ചെ 4.25. കണ്ണൂർ 6.35. കോഴിക്കോട് 8.10. ഷൊർണൂർ 10.20. വൈകിട്ട് 6.20- ന് തിരുവനന്തപുരം.