‘പനി ശ്രദ്ധിക്കണം, സ്വയം ചികിത്സ പാടില്ല’ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി മാര്‍ഗ നിര്‍ദേശം

ഏത് പനിയും പകര്‍ച്ച പനിയാകാന്‍ സാധ്യത ഉള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവക്ക് എതിരെ ജാഗ്രത പാലിക്കണം.

മലിന ജലത്തിൽ ഇറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ച് എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.

കൈകാലുകളില്‍ മുറിവ് ഉള്ളവര്‍ മലിന ജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം.

കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ കൊണ്ടുള്ള മരണങ്ങള്‍ തദ്ദേശ സ്ഥാപന തലത്തില്‍ അടുത്ത രണ്ടാഴ്ച വിലയിരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ഹെപ്പറ്റൈറ്റിസ് എ, മലേറിയ, എച്ച് വൺ എന്‍ വൺ തുടങ്ങിയ രോഗങ്ങളും പൊതുവായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജലജന്യ രോഗങ്ങള്‍ക്ക് എതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം.