ഉഡുപ്പിയിൽ ഇന്നോവ കാറിൽ ലോറി ഇടിച്ച് കയറി പയ്യന്നൂർ സ്വദേശികളായ ഏഴ് പേർക്ക് പരിക്ക്

ഉഡുപ്പി: ഉഡുപ്പിയിലെ കുന്ദാപുരയിൽ ഇന്നോവ കാറിൽ ലോറി ഇടിച്ച് കയറി ഏഴ് മലയാളികൾക്ക് പരിക്ക്. ക്ഷേത്ര ദർശനത്തിന് പോയ കണ്ണൂർ പയ്യന്നൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. അന്നൂർ സ്വദേശി ഭാർഗവൻ, ഭാര്യ ചിത്രലേഖ, ഭാർഗവന്റെ സഹോദരൻ മധു, ഭാര്യ അനിത, മധുവിന്റെ അയൽവാസി നാരായണൻ, ഭാര്യ വത്സല എന്നിവർക്കും, കാർ ഡ്രൈവർ വെള്ളൂർ കൊട്ടനച്ചേരി സ്വദേശി ഫസിലുമാണ് പരിക്കേറ്റത്.

അപകത്തിൽ ഗുരുതര പരിക്കേറ്റ മൂന്ന് സ്ത്രീകളെയും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളേജിൽ ആണ് ഇവർ ഉള്ളത്. മറ്റുള്ളവർ കുന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിൽ ആണ്. അപകടത്തിൽ ട്രക്ക് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം  ഉച്ചയ്ക്ക് 2.58-ഓടെയാണ് അപകടം ഉണ്ടായത്. കുന്ദാപുരയിലെ കുംഭാഷിയിൽ ഉള്ള ശ്രീ ചന്ദ്രികാ ദുർഗാ പരമേശ്വരി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് കണ്ണൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിൽ ലോറി വന്നിടിച്ചത്.

ഇന്നോവ റിവേഴ്‌സ് എടുത്ത് അമ്പലത്തിലേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ അമിത വേഗതയിൽ വന്ന ട്രക്ക് നിയന്ത്രണം വിട്ട് ഇന്നോവ കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഗോവയിൽ നിന്നും മീൻ കയറ്റി കൊണ്ട് പോകുകയായിരുന്ന ട്രക്ക് ആണ് കാറിൽ ഇടിച്ച് കയറിയത്.