ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുള്ള കുഞ്ഞിനോട് ആയമാരുടെ കൊടുംക്രൂരത.

ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുള്ള കുഞ്ഞിനോട് ആയമാരുടെ കൊടുംക്രൂരത. കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ ആയമാര്‍ മുറിവേല്‍പ്പിച്ചു. പെണ്‍കുഞ്ഞിന് നേരെയായിരുന്നു കൊടുംക്രൂരത. മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയാണ് പരാതി നല്‍കിയത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഈ വിവരം മറച്ചുവച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. (baby attacked in kerala state council for child welfare)

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിന് പരുക്കേറ്റതെന്നാണ് സൂചന. കഴിഞ്ഞ ദിവസം കുഞ്ഞിനെ മറ്റൊരു ആയ കുളിപ്പിച്ചപ്പോള്‍ കുഞ്ഞ് വല്ലാതെ കരഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സംശയം തോന്നിയ ജീവനക്കാര്‍ ഉടന്‍ തന്നെ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയെ വിവരമറിയിച്ചു. ഉടന്‍ തന്നെ എല്ലാവരും ചേര്‍ന്ന് കുഞ്ഞിനെ തൈക്കാടുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ പരിശോധനയിലാണ് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ ഗുരുതര പരുക്കുണ്ടെന്ന് മനസിലാക്കിയത്. ഉടനടി ജനറല്‍ സെക്രട്ടറി വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയും കുറ്റക്കാരെ കണ്ടെത്തുകയും ചെയ്തു. ഉടന്‍ തന്നെ പൊലീസിലും വിവരമറിയിക്കുകയായിരുന്നു.