ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം.
ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം. വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ സംസ്ഥാന പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. എസ്.എസ്.എൽ.സി. ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നിരുന്നത്.
ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലയോഗം ഇന്ന് ചേരും. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. പൊലീസ് അന്വേഷണത്തിന് പുറമെ ചോദ്യ പേപ്പർ അച്ചടിച്ചതിലും വിതരണത്തിലുമടക്കം വീഴ്ചയുണ്ടായോ എന്ന് വിദ്യാഭ്യാസ വകുപ്പും പരിശോധിക്കും. ചോദ്യം ചോരാൻ ഇടയായ സാഹചര്യം ചർച്ച ചെയ്യും.