സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് തന്നെ വിട്ടു നല്‍കും

സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് തന്നെ വിട്ടു നല്‍കും. മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടുള്ള പെണ്‍മക്കളുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറിയ നടപടി നേരത്തെ സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. ഈ സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എംഎം ലോറന്‍സിന്റെ പെണ്‍മക്കളായ ആശ ലോറന്‍സും സുജാത ബോബനും ഹൈക്കോടതിയെ സമീപിച്ചത്.

സെപ്റ്റംബര്‍ 21 നായിരുന്നു എംഎം ലോറന്‍സിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം സംഭവിച്ചത്.