ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

കാന്തലൂർ: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. ചെമ്പക്കാട് സ്വദേശി ബിമൽ (57) ആണ് മരിച്ചത്. ചിന്നാർ വന‍്യജീവി സങ്കേതത്തിൽ വ‍്യാഴാഴ്ച രാവിലെയാണ് സംഭവം. വനം വകുപ്പിന്‍റെ പാമ്പാർ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിതെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമൽ അടങ്ങുന്ന ഒമ്പത് അംഗ സംഘം. രണ്ട് സ്ത്രീകളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

ഇവർ നടന്നു പോകുന്നതിനിടെയായിരുന്നു കാട്ടാന ആക്രമിച്ചത്. കൂട്ടത്തിൽ ഏറ്റവും പിന്നിലായിരുന്നു ബിമൽ. ആനയുടെ മുന്നിൽപ്പെട്ട ബിമലിന് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നാണ് കൂടെയുണ്ടായവർ പറയുന്നത്. ആന ബിമലിനെ തുമ്പിക്കൈകൊണ്ട് എടുത്തെറിയുകയും നിലത്തടിക്കുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ബിമലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.