ഇന്ന് ദുഃഖവെള്ളി

യേശുക്രിസ്തുവിന്റെ പീഡാനുഭവസ്മരണയിൽ ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകൾ നടക്കും. കുരിശു മരണത്തിനു മുന്നോടിയായി യേശുവിൻ്റെ പീഡാനുഭവങ്ങളുടെ ഓർമ്മ പുതുക്കാൻ കുരിശിൻ്റെ വഴിയിലും വിശ്വാസികൾ പങ്കെടുക്കും

വിവിധ പള്ളികളിൽ പ്രദക്ഷിണവും നഗരി കാണിക്കലും നടക്കും. പാളയം സെൻ്റ് ജോസഫ് കത്തീഡ്രലിനു മുന്നിൽ നിന്ന് രാവിലെ ഓടെ സംയുക്ത കുരിശിന്റെ വഴി ചടങ്ങുകൾ തുടങ്ങും. പ്രാരംഭ സന്ദേശം കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ നൽകും. സമാപന സന്ദേശം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ നൽകും. കൊല്ലം അഞ്ചൽ മണലിൽ മലങ്കര കത്തോലിക്കാ പള്ളിയിൽ ശുശ്രൂഷ ചടങ്ങുകൾക്ക് ക്ലിമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകും.

രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ദൈവപുത്രൻ മനുഷ്യനായി അവതരിക്കുകയും മനുഷ്യകുലത്തിൻ്റെ പാപങ്ങൾക്ക് പരിഹാരമായി കുരിശുമരണം വരിക്കുകയും ചെയ്‌തതായാണ് വിശ്വാസം. കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട് ഗാഗുൽത്താമലയിലൂടെ കുരിശിനൊപ്പം ചാട്ടവാറടി ഉൾപ്പെടെയുള്ള ക്രൂരമർദ്ദനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയുള്ള യേശുവിൻ്റെ മരണയാത്രയുടെയും പിന്നീട് കുരിശിലേറ്റപ്പെട്ടതിൻ്റെയും അനുസ്മരണമാണ് ദുഃഖവെള്ളി.