കമ്മീഷന്‍ വൈകുന്നതില്‍ പ്രതിഷേധവുമായി റേഷന്‍ വ്യാപാരികള്‍
തിരുവനന്തപുരം: എല്ലാ മാസവും 15ാം തിയതിക്കകം റേഷന്‍ വ്യാപാരികളുടെ വേതനം നല്‍കുമെന്ന് ഭക്ഷ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ജനുവരിയില്‍ നടന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കുന്ന വേളയില്‍ ആശ്വാസവാക്കായിട്ടായിരുന്നു ഭക്ഷ്യമന്ത്രി പ്രഖ്യാപിച്ചതെങ്കിലും വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ കഴിഞ്ഞിട്ടും കമ്മീഷന്‍ നല്‍കുമെന്ന വാക്ക് ജലരേഖയായി മാറിയെന്ന് വ്യാപാരികള്‍. കമ്മീഷന്‍ വൈകുന്നതിനാല്‍ വ്യാപാരികളുടെ വിശേഷ ദിവസങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായി.
സെയില്‍സ്മാന്‍ മാരുടെ കൂലിയും വാടകയും റേഷന്‍ സാധനങ്ങളുടെ പണമടക്കലും അവതാളത്തിലായതായി വ്യാപാരികള്‍ പറയുന്നു. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മുന്‍ഗണനേതര, സമ്പന്ന വിഭാഗങ്ങള്‍ക്ക് ഒരു രൂപ സെസ് ഏര്‍പ്പെടുത്തണമെന്ന ക്ഷേമനിധി ബോര്‍ഡ് നിര്‍ദേശവും കെടിപിഡിഎസ് നിയമഭേദഗതി തുടങ്ങിയ നിരവധി ഭക്ഷ്യവകുപ്പ് തല ചര്‍ച്ചയില്‍ തീരുമാനമെടുത്ത നിര്‍ദേശങ്ങളും സമര അനുരഞ്ജന വേളയിലും മറ്റു വകുപ്പ്തല മീറ്റിങ്ങുകളിലും മന്ത്രിയുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ പലതും മന്ത്രിക്കു മുകളില്‍ സൂപ്പര്‍ മന്ത്രി ചമയുന്ന ചില ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്താറില്ല.
വേതന പാക്കേജ് പരിഷ്‌കരണം സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നംഗ സമിതി റിപോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും വകുപ്പിലെ പ്രമുഖര്‍ ഫയല്‍ പുറത്തുവിടാതെ മാറ്റിവച്ചത് വിവരാവകാശ നിയമത്തിലൂടെയാണ് വെളിച്ചം കണ്ടത്. അവശേഷിക്കുന്ന പല വകുപ്പ് തല തീരുമാനങ്ങളും നടപ്പാക്കാതെ ഭക്ഷ്യവകുപ്പ് നിഷ്‌ക്രിയത്വം പാലിക്കുന്നതിലും പ്രതിഷേധമുണ്ടെന്നും റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.