ആദിവാസി പെണ്‍കുട്ടിയായ എം സി രേഷ്‌മയുടെ തിരോധാനക്കേസില്‍ 15 വർഷങ്ങള്‍ക്കുശേഷം പ്രതി പിടിയില്‍.
രാജപുരം എണ്ണപ്പാറ സർക്കാരി മൊയോലത്തെ ആദിവാസി പെണ്‍കുട്ടിയായ എം സി രേഷ്‌മയുടെ (17) തിരോധാനക്കേസില്‍ 15 വർഷങ്ങള്‍ക്കുശേഷം പ്രതി പിടിയില്‍.പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് ആണ് അറസ്റ്റിലായത്. രേഷ്‌മയെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയതായി നേരത്തെ പ്രതി പൊലീസിന് മൊഴി നല്‍കിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാല്‍ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല.
ഇപ്പോള്‍ ഒരു എല്ലിന്റെ ഭാഗം ലഭിച്ചതിനെത്തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയില്‍ അത് രേഷ്‌മയുടെതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.
2010 ജൂണ്‍ ആറിനാണ് ബളാംതോട് സർക്കാർ ഹയർസെക്കൻഡറി സ്‌കൂളില്‍ നിന്ന് പ്ളസ് ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തില്‍ ടിടിസി ടിടിസി പരിശീലനത്തിനെത്തിയ രേഷ്‌മയെ കാണാതാവുന്നത്. തുടർന്ന് രേഷ്‌മയുടെ പിതാവ് എം സി രാമൻ 2011 ജനുവരി 19ന് അമ്ബലത്തറ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും രേഷ്‌മയെ കണ്ടെത്താനായില്ല. പാണത്തൂർ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് രേഷ്‌മയെ തട്ടിക്കൊണ്ടുപോയി, അപായപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ പരാതി.2021ല്‍ ഹേബിയസ് കോർപ്പസ് ആയി ആദ്യ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ കേസ് തൃപ്‌തികരമല്ലെന്നും സിബിഐയ്ക്ക് വിടണമെന്നും കാട്ടി 2023ല്‍ രേഷ്‌മയുടെ കുടുംബം ഹൈക്കോടതിയില്‍ വീണ്ടും കേസ് ഫയല്‍ ചെയ്തു. 2024 ഡിസംബർ ഒൻപതിന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അറസ്റ്റുണ്ടാകാനുള്ള സാദ്ധ്യത ഉയർന്നപ്പോഴെല്ലാം പ്രതി മുൻകൂർ ജാമ്യം തേടിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനിടെ രേഷ്‌മയുടെ എല്ലിന്റെ ഭാഗം ലഭിച്ചത് കേസില്‍ നിർണായക വഴിത്തിരിവായി.